സ്ത്രീത്വത്തെ അപമാനിച്ചതിന് കെ.സുധാകരന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ നോട്ടീസ്

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ വരണാധികാരിയായ കലക്ടറാണ് നോട്ടീസ് നല്‍കിയത്. പരസ്യം തയ്യാറാക്കിയപ്പോള്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് ആക്ഷേപം. സുധാകരന്‍ തിരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അയോഗ്യനാക്കണമെന്ന് നേരത്തെ സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ത്രീ സമൂഹത്തെ ആകമാനം താന്‍ അപമാനിച്ചിട്ടില്ലെന്നും, ഒരു സ്ത്രീ കൊള്ളില്ലെങ്കില്‍ അത് തുറന്ന് പറഞ്ഞാല്‍ എങ്ങനെയാണ് അത് സ്ത്രീ സമൂഹത്തെ മുഴുവനായി ആക്ഷേപിച്ചതിന് തുല്ല്യമാവുകയെന്നുമാണ് വിവാദത്തോടുള്ള സുധാകരന്റെ പ്രതികരണം.

ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായെന്ന തലക്കെട്ടോടെ സുധാകരന്‍ ഫേസ്്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ പരസ്യമാണ് വിവാദമായത്. പരസ്യം സ്ത്രീവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വനിതാ കമ്മീഷനും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സുധാകരനെതിരെ കേസെടുക്കുകയും ചെയ്തു. കെ സുധാകരന്‍ സ്ത്രീ വിരുദ്ധതയാണ് ഈ പരസ്യത്തിലൂടെ പുറത്ത് വരുന്നതെന്ന വ്യാപക പ്രചാരണമാണ് സംഭവം വിവാദമായതിന് ശേഷം ഇടത് പക്ഷം നടത്തുന്നത്.

വീഡിയോയിലെ കഥാപാത്രങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ല എന്നുകൂടി എഴുതിച്ചേര്‍ത്താണ് സുധാകരന്‍ ഫേസ്ബുക്കിലൂടെ വീഡിയോ പ്രചരിപ്പിച്ചത്. ഈ വീഡിയോ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യംവെച്ചാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിലെ തന്നെ വനിതാ നേതാക്കളെയും പൊതുരംഗത്തുള്ള മറ്റ് വനിതകളേയും അപമാനിക്കുന്നതാണ് വീഡിയോ എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

error: Content is protected !!