മാടായിപ്പാറയ്ക്ക് ഇനി ഹൈക്കോടതി വിധിയുടെ പരിരക്ഷ

കണ്ണൂർ :  ഇടനാടൻ ചെങ്കൽക്കുന്നുകളുടെ ജൈവവൈവിദ്ധ്യത്തിന് ഉത്തമമാതൃകയായ കണ്ണൂർ ജില്ലയിലെ മാടായിപ്പാറയ്ക്ക് ഇനി ഹൈക്കോടതി വിധിയുടെ പരിരക്ഷ. കാലങ്ങളായി ഭൂമി കൈയ്യേറ്റങ്ങളാലും ഭൂമി ദുരുപയോഗങ്ങളാലും ടൂറിസം മാലിന്യങ്ങളാലും വീർപ്പുമുട്ടിയിരുന്ന മാടായിപ്പാറയുടെ ദീർഘകാല സുരക്ഷ ഉറപ്പുവരുത്തിയാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഇതനുസരിച്ച് മാടായിപ്പാറയുടെ ജൈവഘടനയുടെ സംരക്ഷണഉത്തരവാദിത്തം പ്രത്യക്ഷമായും പരോക്ഷമായും അധികാരികളിൽ നിക്ഷിപ്തമായിരിക്കുകയുമാണ്.

മൂന്നു മാസങ്ങൾക്ക് മുൻപ് മാടായിപ്പാറയുടെ സുപ്രധാനഭാഗത്ത് നാലേക്കറോളം വിസ്തൃതിയിൽ ടാർ മിക്സിംഗ് യൂണിറ്റിനായി അഞ്ഞൂറിലധികം ലോഡ് ജില്ലിക്കല്ല് ഇറക്കിയിരുന്നു. അപൂർവ്വ ജൈവവ്യവസ്ഥ നിലനിൽക്കുന്ന പാറയിൽ ജില്ലി ഇറക്കിയതോടെ ഭൂമിയിൽ പുൽക്കൊടി പോലും കിളിർക്കാത്ത വിധത്തിൽ കേട്‌ സംഭവിക്കുകയുണ്ടായി. ഇത് ചൂണ്ടിക്കാട്ടി പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ ചന്ദ്രാംഗദൻ, ഭാസ്കരൻ വെള്ളൂർ എന്നിവരുടെ നേതൃത്വത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫിസർ, ജില്ലാ കളക്ടർ, പി ഡബ്ള്യു ഡി വിഭാഗം എന്നിവർക്ക് പരാതി സമർപ്പിക്കുകയുണ്ടായി. എന്നാൽ പതിവ് പോലെ യാതൊരു നടപടിയും ഉണ്ടായില്ല. സ്വകാര്യ റോഡ് കോൺട്രാക്ടറുടെ നേതൃത്വത്തിൽ നടന്ന നശീകരണവൃത്തി ഉദ്ദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ ആയിരുന്നു നടന്നതെന്ന്‌ തുടക്കം മുതൽ ആക്ഷേപം ഉന്നയിക്കപ്പെട്ടിരുന്നു. രാഷ്ട്രീയ സ്വാധീനവും പിന്നിൽ പ്രവർത്തിച്ചു. കാലങ്ങളായി നിർബാധം തുടരുന്ന കൈയ്യേറ്റങ്ങളുടെ തുടർച്ചയെന്നോണം ദേവസ്വം ഭൂമി ആയതിനാൽ തന്നെ ആരും ചോദ്യം ചെയ്യാൻ വരില്ല എന്ന ധാർഷ്ട്യവും തുടക്കം മുതൽ കോൺട്രാക്ടർ കാണിച്ചിരുന്നു.

അപൂർവ്വമായ ഇനങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് സസ്യങ്ങൾ വളരേണ്ട മേൽഭൂമി ജില്ലിക്കൂനയാൽ മൂടിയ കാഴ്ച ആരെയും സങ്കടപ്പെടുത്തുന്നതാണ്. പക്ഷികളും ശലഭങ്ങളും തുമ്പികളും ഉരഗങ്ങളും മറ്റനേകം സൂക്ഷ്മജീവികളുടെയും തനത് ആവാസ കേന്ദ്രമാണ് മാടായിപ്പാറ. ഏപ്രിൽ 5ന് പ്രസ്താവിച്ച വിധി പ്രകാരം പത്ത് ദിവസത്തിനകം ജില്ലിക്കൂമ്പാരം പൂർണ്ണമായും മാറ്റണം എന്നാണ് കോടതി ഉത്തരവ്. പതിനഞ്ചാം തീയ്യതിയോടെ അത് അവസാനിച്ചു. കൂടാതെ ജെ സി ബി ഉപയോഗിച്ച് കോരുമ്പോൾ പാറയുടെ ഉപരിതലത്തിൽ മാറ്റം വരും എന്നതിനാൽ യന്ത്ര സഹായം ഇല്ലാതെ വേണം ഇവ നീക്കാൻ എന്ന് വിധിയിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്. പതിനഞ്ചാം തീയ്യതിയോടെ ഈ കാലാവധി അവസാനിക്കുന്നതിനാൽ തുടർന്നുള്ള ഓരോ ദിവസവും കൃത്യമായ കോടതിയലക്ഷ്യമാവുകയാണ്.

പഴയങ്ങാടി സബ് ഇൻസ്പെക്ടറും, ജില്ലാ പോലീസ് അധികാരിയും കോടതിഉത്തരവ് പ്രകാരം ചോദ്യം ചെയ്യപ്പെടും. ജനപ്രതിനിധികളും മറ്റ് അധികാരികളും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ കടന്നുപോകുന്ന മാടായിപ്പാറയിൽ ഇത്രയും നഗ്നമായ നശീകരണം നടന്നിട്ടും ആരും എതിർക്കുവാൻ തയ്യാറായിരുന്നില്ല. നവകാല പ്രതിഷേധം സോഷ്യൽ മീഡിയകളിൽ മാത്രം ഒതുങ്ങിയപ്പോൾ, ദേവസ്വം ഭൂമി സംരക്ഷിക്കുവാനും, മാടായിപ്പാറയുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമായി പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ചന്ദ്രാംഗദൻ മാഷാണ് നിയമപരമായ സാധ്യതകൾ ചികഞ്ഞ് മുന്നിട്ടിറങ്ങിയത്.

ചിറക്കൽ ദേവസ്വത്തിന്റെ സഹായത്തോടെ രണ്ടു പരിസ്ഥിതിപ്രവർത്തകർ നടത്തിയ ശക്തമായ നിയമപോരാട്ടം മാടായിപ്പാറയുടെ ചരിത്രത്തിൽ ഇടംനേടുകയാണ്. ഇനി വരും കാലങ്ങളിലെല്ലാം മാടായിപ്പാറയുടെ മേൽ നടക്കുന്ന എന്ത് വിരുദ്ധപ്രവൃത്തിയും ഏതൊരു പൗരനും എപ്പൊഴും ചോദ്യം ചെയ്യാവുന്ന അവസ്ഥയിൽ സുതാര്യമായിരിക്കുകയുമാണ്.

രേണുക വടക്കൻ

ന്യൂസ് വിങ്‌സ്

error: Content is protected !!