സീതാറാം യെച്ചൂരിക്ക് കണ്ണൂരിൽ നിന്നും പരിസ്ഥിതി അദ്ധ്യാപകൻ എഴുതുന്ന കത്ത്

പയ്യന്നൂർ കണ്ടങ്കാളിയിൽ സ്ഥാപിക്കാൻ പോകുന്ന പെട്രോളിയം പദ്ധതി ഉപേക്ഷിച്ച് പ്രദേശത്തെ വൻ ജൈവനാശത്തിൽ നിന്നും രക്ഷിക്കുവാൻ ആവശ്യപ്പെട്ട് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത്.  സി പി എം പ്രകടനപത്രികയിൽ പറയും പ്രകാരം പരിസ്ഥിതിവിഷയങ്ങളിൽ ഉചിതമായ ഇടപെടലിന് തയ്യാറാകണം എന്നാവശ്യപ്പെട്ട് സീക്ക് ഡയറക്ടറും കണ്ടങ്കാളി സമരസമിതി ചെയർമാനുമായ ടി പി പത്മനാഭൻ മാസ്റ്ററാണ് കത്ത് നൽകിയത്.
ഭരണകാലത്തും പ്രതിപക്ഷകാലത്തും പരിസ്ഥിതിസംരക്ഷണ വിഷയങ്ങളിൽ തീർത്തും വിരുദ്ധമായ നിലപാടുകളാണ് ഇടത് പാർട്ടികൾ കൈകൊള്ളുന്നത് എന്ന ആക്ഷേപം രാഷ്ട്രീയമായി നിലവിലുണ്ട്. ഇതിനിടെയാണ് കണ്ടങ്കാളിയിൽ 86 ഏക്കർ നെൽവയൽ നികത്തുവാനുള്ള സാങ്കേതികമായ നടപടിക്രമങ്ങളുമായി സി പി എം നേതൃത്വത്തിൽ ഉള്ള ഇടത് സർക്കാർ മുന്നോട്ട് പോകുന്നതും.ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി ജനങ്ങൾ രംഗത്തിറങ്ങിയിട്ട്  ഒന്നര വർഷം കഴിഞ്ഞു. ഇതിനിടയിലാണ്  പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിരവധി പരിസ്ഥിതി അനുകൂല വാഗ്ദാനങ്ങളുമായി സി പി എം പ്രകടനപത്രിക ഇറങ്ങിയത്. നടപ്പിലാക്കപ്പെടുന്ന കാര്യങ്ങളും, പുതുയ വാഗ്‍ദാനങ്ങളും തമ്മിലുള്ള അന്തരം ചൂണ്ടികാണിച്ചു കൊണ്ട്, അവ ഇപ്പോൾ തന്നെ ഭരണമുള്ള ഇടങ്ങളിൽ പ്രാബല്യത്തിൽ കൊണ്ടുവരാമല്ലോ എന്ന ചോദ്യമാണ് കേരളത്തിന്റെ മുതിർന്ന പരിസ്ഥിതി അദ്ധ്യാപകനായ ടി പി പത്മനാഭൻ മാസ്റ്ററുടെ കത്തിലൂടെ പ്രധാനമായും ചോദിക്കുന്നത്. പയ്യന്നൂർ പോലെ ഭരണപക്ഷത്തിന് സുപ്രധാനമായ സ്വാധീനമുള്ള ഇടത്തുനിന്നും ഇലക്ഷൻ കാലത്ത് ‘പ്രീയ സഖാവേ’ എന്ന ആമുഖത്തോടെ പാർട്ടിയുടെ ഏറ്റവും ഉന്നതനായ നേതാവിനുള്ള കത്തിന് കൃത്യമായ മൂർച്ചയുണ്ട്.
കത്തിന്റെ പൂർണ്ണരൂപം വായിക്കാം.
“പ്രിയ സഖാവേ,
7 കോടിയോളം ലിറ്റർ പെട്രോളിയം ഉൽപ്പന്നങ്ങൾ സംഭരിക്കാൻ ഒരു വൻകിട സംഭരണി പയ്യന്നരിലെതലോത്ത് വയലിൽ സ്ഥാപിക്കാൻH PCL -BP CLകമ്പനികൾ മുന്നോട്ട് വന്നിരിക്കുകയാണ്.86 ഏക്കർ നെൽവയൽപ്രദേശത്ത് 20 ഓളം വൻടാങ്കുകളാണ് സ്ഥാപിക്കുന്നത്. രണ്ടു പുഴകൾക്കിടയിൽ കവ്വായിക്കായൽ അതിരിടുന്ന ഒരു പ്രദേശമാണിത്. പദ്ധതി പ്രദേശം തീരദേശ പരിപാലന നിയമപ്രകാരം മേഖല 1ൽ പെടുന്നതാണ്. കണ്ടൽ ജൈവവൈവിധ്യ മേഖലയോട് തൊട്ടുമാണ്. പാരിസ്ഥിതിക ലോല പ്രദേശവും മഴവെള്ള സംഭരണിയുമായ വയലാണ് പദ്ധതി പ്രദേശം. ആയിരക്കണക്കിൻ പേർ മത്സ്യബന്ധനത്തിനും കക്ക വാരലിനും കല്ലുമ്മക്കായ കൃഷിക്കും ഉപയോഗിക്കുന്നതാണ് പദ്ധതി പ്രദേശത്തെ പുഴകളും കായലും.

പദ്ധതി വന്നാൽ അത് ആയിരങ്ങളുടെ തൊഴിലിനെ ബാധിക്കും. പൂഴിമണൽ പ്രദേശത്ത് തൂവുന്ന പെട്രോളിയം അവശിഷ്ടങ്ങൾ കായൽപ്പുഴ ജൈവവൈവിധ്യത്തെയും ബാധിക്കും. മൂന്നു മീറ്ററോളം ഉയരത്തിൽ വയൽ മണ്ണിട്ട് നികത്തപ്പെടുമ്പോൾ നിരവധി കുന്നുകളും അപ്രത്യക്ഷമാകും.ഇത് കുടിവെള്ള ക്ഷാമത്തിനിടയാക്കുകയും ഉരുൾപൊട്ടൽ സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യും. പദ്ധതി പ്രദേശത്ത് ആവശ്യമായി വരുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളത്തിനായി നിരവധി കുഴൽകിണറുകൾ കഴിക്കപ്പെടുമ്പോൾ ഇപ്പോൾ തന്നെ ഉപ്പുവെള്ള ഭീഷണി നേരിടുന്ന പ്രദേശത്തെ കിണറുകൾ ഉപയോഗശൂന്യമാകും.

ഇന്ധനമെന്ന നിലയിൽ പെട്രോളിയം 2030 ഓടെ ഒഴിവാക്കപ്പെടണമെന്ന അന്താരാഷ്ട്ര ധാരണയിൽ ഇന്ത്യയും ഭാഗഭാക്കാണ്. കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന ആഗോളതാപനത്തിന് മുഖ്യ കാരണം പെട്രോളിയം ഇന്ധനമായിരിക്കേ ഭാവിയിലെ ഒരു ഊർജസ്രോതസ്സായി അതിനെ കണക്കാക്കാനാവില്ല. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വർഷങ്ങൾ എടുക്കുമെന്നിരിക്കേ ഘട്ടം ഘട്ടമായി ഒഴിവാക്കേെണ്ടതെന്ന് ഗവ. തന്നെ കരുതുന്ന ഈ ഇന്ധനത്തിനു വേണ്ടി പുതുതായി സംഭരണ കേന്ദ്രങ്ങൾ തുടങ്ങുന്നത് പൊതുപണം പാഴാക്കുന്ന ഒരു പ്രവർത്തനമാണ്. ഈ അടുത്ത കാലത്ത് കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പുഴയോടു തൊട്ടുകിടക്കുന്ന വയലുകൾ നികത്തപ്പെടുന്നത് രൂക്ഷമായ പാരിസ്ഥിതിക ആഘാതങ്ങൾ വർധിപ്പിക്കാനിടയാക്കുമെന്നും പരിഗണിക്കപ്പെടേണ്ടതാണ്. പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ കാരണം കവ്വായിക്കായലിനെ രാംസർസൈറ്റായി പ്രഖ്യാപിക്കണമെന്ന ശുപാർശയും നിലവിലുണ്ട്.

വീടുകൾ കൂടാതെ നിരവധി സ്കൂളുകളും കോളേജുകളും ആരാധനാലയങ്ങളും ശ്മശാനങ്ങളും പദ്ധതി പ്രദേശത്തോട് തൊട്ടുകിടക്കുന്നു. പദ്ധതി നടപ്പിലാവുകയാണെങ്കിൽ കേരളത്തിലെ ഏഴ് വടക്കൻ ജില്ലകളിലെ 334 പെട്രോൾ പമ്പുകളിലേക്ക് ഇന്ധനം കൊണ്ടുപോവുക ഇവിടെ നിന്നായിരിക്കും. പയ്യന്നൂർ മുൻസിപ്പൽ പ്രദേശത്ത് ട്രാഫിക്ക് തടസ്സങ്ങൾ വർധിപ്പിക്കാൻ ഇത് ഇടയാക്കും. പദ്ധതി ബാധിത പ്രദേശത്തെ കുട്ടികൾക്ക് വിദ്യാലയങ്ങളിലെത്താനും ഇത് ബുദ്ധിമുട്ടുണ്ടാക്കും.സമീപ പ്രദേശത്തെ ഹിന്ദു ആരാധനാലയങ്ങൾ കരിമരുന്ന് പ്രയോഗത്തിന് പേരുകേട്ടവയാണ്. എണ്ണ സംഭരണശാലകൾക്ക് സമീപം കരിമരുന്ന് പ്രയോഗം നടത്തുന്നത് നിരോധിക്കപ്പെടുമ്പോൾ പരമ്പരാഗത ആരാധനാരീതികളെ അത് ബാധിക്കും. പദ്ധതി പ്രദേശത്തെ 5 സമുദായ ശ്മശാനങ്ങളിൽ ശവസംസ്കാരം സാധ്യമല്ലാത്ത സ്ഥിതിയും വരും. തങ്ങളുടെ മുൻതലമുറകൾ അന്ത്യവിശ്രമം കൊള്ളുന്ന ഇടങ്ങൾ നശിപ്പിക്കപ്പെടുന്നത് വലിയ വൈകാരിക ആഘാതം സൃഷ്ടിക്കുന്ന ഒന്നാണ്.

പ്രദേശത്തിന്റെ പാരിസ്ഥിതിക സവിശേഷതകളൊ സാമൂഹിക പശ്ചാത്തലമോ ഒന്നും കണക്കിലെടുക്കാതെയും ബദൽസൈറ്റുകൾ പരിഗണിക്കാതെയുമൊക്കെയാണ് പാരിസ്ഥിതിക പഠനം നടത്തിയതായി അവകാശപ്പെടുന്നത്. നിയമപരമായ അനുമതി ലഭിക്കുന്നതിനുമുമ്പേ, ടേംസ് ഓഫ് റഫറൻസ് അംഗീകരിക്കപ്പെടുന്നതിനു മുമ്പേ ഒരു പാരിസ്ഥിതിക പഠനം തട്ടിക്കൂട്ടിയെടുക്കുകയായിരുന്നു.പദ്ധതി പ്രദേശം തീരപരിപാലന നിയമത്തിലെ സോൺ 1 ൽപെടുന്നതായിട്ടും പഠനത്തിനു മുമ്പ് തീരപരിപാലന അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ല. അത്തരമൊരു പരിസ്ഥിതി് ആഘാത പഠനം പൊതുജനാഭിപ്രായത്തിനു വെച്ചപ്പോൾ ആ തെളിവെടുപ്പിൽ പങ്കെടുത്ത 1700 ഓളം പേർ ഏകകണ്ഠമായി അത് തള്ളിക്കളയണമെന്ന് ആവശ്യപ്പെടുകയുണ്ടായി.പൊതു തെളിവെടുപ്പ് സംബന്ധിച്ച് കണ്ണൂർ ജില്ലാകലക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ഈ വസ്തുത ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എന്നിട്ടും സർക്കാർ സ്ഥലമേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോവുകയാണ്.

ഇപ്പോൾ തന്നെ മലബാർ ജില്ലകളിൽ വികേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന പെട്രോളിയം സംഭരണികളുണ്ട്. പെട്രോളിയം ഔട്ട്ലെറ്റുകളിലേക്ക് ഇന്ധനമെത്തിക്കുന്നതിന് ഒരു തടസ്സവും നേരിടുന്നില്ല. ഇനി ചെറിയൊരു കാലത്തേക്ക് ഉപഭോഗവർധനയുണ്ടാകുമെന്ന് കരുതിയാൽ തന്നെയും നിലവിലുള്ള സ്ഥലങ്ങളിൽ അല്പം കൂടി ടാങ്കുകൾ നിർമ്മിക്കുന്നതാണ് പ്രായോഗികവും സമയബന്ധിതവുമായി ചെയ്യാവുന്നത്.

രണ്ടു വർഷമായി നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് പെട്രോളിയം സംഭരണി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ബഹുജന പ്രക്ഷോഭം നടന്നു വരികയാണ്. കേരളത്തെ മുച്ചൂടും നശിപ്പിച്ച,500 ഓളം പേർക്ക് ജീവഹാനിയും 31000 കോടി രൂപയുടെ സാമ്പത്തിക നഷ്ട്രവും വരുത്തിവെച്ച 2018 ആഗസ്തിലെ പ്രളയത്തിനു ശേഷവും പ്രളയജലസംഭരണിയായ ഈ പുഴയോര നെൽവയൽ-നീർത്തട-കണ്ടൽക്കാട് പ്രദേശത്തിന്റെ പാരിസ്ഥിതിക സേവനത്തിന്റെ സവിശേഷത കേരള സർക്കാർ തിരിച്ചറിയുന്നില്ല. തണ്ണീർതടങ്ങളും നെൽവയലുകളും മണ്ണിട്ട് നികത്തിയതും, നിയന്ത്രണമില്ലാത്ത ഖനന പ്രവർത്തനങ്ങൾ നടത്തിയതും വരുത്തി വെക്കുന്ന അപകടങ്ങളെക്കുറിച്ച് ഗാഡ്ഗിൽ കമ്മിറ്റി നൽകിയ മുന്നറിയിപ്പുകൾ അനുഭവത്തിൽ വന്നിട്ടും അതേ നശീകരണ പാതയിൽ മുന്നോട്ടു പോവുകയാണ് കേരള സർക്കാർ.വ്യവസായ ലോബികൾക്കു വേണ്ടി നെൽവയൽ-നീർത്തട നിയമത്തിൽ ഭേദഗതികൾ വരുത്തിയിരിക്കുന്നു.

കേരള ഗവ.ന്റെ പ്രഖ്യാപിത നയങ്ങൾക്കു തന്നെ വിരുദ്ധമായാണ് പുതിയ പെട്രോളിയം സംഭരണി നീക്കവുമായി മുന്നോട്ടു പോകുന്നത്. ഇപ്പോൾ താങ്കളുടെ പാർട്ടി പുറത്തിറക്കിയ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോവിലും നദീതടങ്ങളുടെ നാശത്തിനിടയാക്കുന്ന നശീകരണ വികസന പ്രവർത്തനങ്ങളെ തടയുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. എന്നിട്ടും പാരിസ്ഥിതികമായി ഒട്ടും ന്യായികരിക്കാനാവാത്ത തീർത്തും അനാവശ്യമായ ഈ ഒരു പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത് എന്തിനാണെന്ന് ഞങ്ങൾക്ക് ഒട്ടും മനസ്സിലാവുന്നില്ല. കാസർഗോഡ് പാർലമെന്റ് നിയോജക മണ്ഡലത്തിൽ പയ്യന്നൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും പാർട്ടി ഗ്രാമമെന്ന് വിശേഷിക്കപ്പെടാവുന്ന ഒരിടത്ത് എന്തിനാണ് ഈ പദ്ധതി അടിച്ചേൽപ്പിക്കുന്നത്? ഈ പദ്ധതിയെ സംബന്ധിച്ച ആശങ്കകൾ CPIM  പയ്യന്നൂർ സൗത്ത് ലോക്കൽ കമ്മിറ്റി തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതുമാണ്

ബദൽ ഊർജ സാധ്യതകളെ തുരങ്കം വെക്കാൻ ആഗോള പെട്രോളിയം കുത്തകകൾ നടത്തുന്ന നീക്കം താങ്കൾക്കും അറിയാവുന്നതാണല്ലോ? ഈ നീക്കത്തെ ലോകത്താകമാനം ഇടതുപക്ഷം എതിർക്കുകയാണ്. സൗദി പെട്രോളിയം കുത്തകകളായ ARAM CO, ADN0C എന്നിവയുമായി കൂട്ടുചേർന്ന് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ സ്ഥാപിക്കാനുദ്ദേശിച്ച ഭീമൻ പെട്രോളിയം സംസ്കരണശാല ശിവസേനയുടെ സമ്മർദ്ദത്തെ തുടർന്ന് ഉപേക്ഷിക്കുമെന്ന് അടുത്ത കാലത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. എന്തു കൊണ്ട് അത്തരമൊരു നിലപാട് കേരളത്തിലെടുക്കാൻ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷം തയ്യാറാകുന്നില്ല? പാരിസ്ഥിതിക അനുമതിക്കുള്ള പ്രക്രിയകൾ സുതാര്യവും ശാസ്ത്രീയവും സമയബന്ധിതവും ജനങ്ങളോട് ഉത്തരവാദിത്തമുള്ളതും വ്യാവസായിക താൽപ്പര്യങ്ങളിൽ നിന്ന് മുക്തവുമാക്കുമെന്ന താങ്കളുടെ പ്രകടനപത്രികയിലെ വാഗ്ദാനം ജനങ്ങൾ പൂർണമായും പൊതു തെളിവെടുപ്പിന്റെ ഘട്ടത്തിൽ തള്ളിക്കളഞ്ഞ പദ്ധതിയുടെ കാര്യത്തിൽ നടപ്പിലാക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാറിനുണ്ട്. പുഴകളുടെയും മറ്റ് ജലാശയങ്ങളുടെയും മലിനീകരണം തടയാൻ ഫലപ്രദമായ നിയന്ത്രണ സംവിധാനങ്ങൾ കൊണ്ട് വന്ന് ഫലപ്രദമായി നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന നിയന്ത്രണ അതോറിറ്റികളെ ശാക്തീകരിക്കും എന്ന പ്രകടനപത്രികയിലെ വാഗ്ദാനവും താങ്കളുടെ പ്രകടനപത്രികയുടെ PDF പതിപ്പിന്റെ 32 ആംപേജിലുണ്ട്. എന്നിട്ടും പാരിസ്ഥിതിക അനുമതിയില്ലാത്ത ഒരു പദ്ധതിക്കു വേണ്ടി ഭൂമിയേറ്റെടുക്കാൻ കണ്ണൂർ ജില്ല കലക്ടറെ ചുമതലപ്പെടുത്തിക്കൊണ്ട് ഒരു ഉത്തരവ് അടുത്ത ദിവസം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നു. രാജ്യം നിർണായകമായ ഒരു തെരെഞ്ഞെടുപ്പിലൂടെ കടന്നുപോകുന്ന ഈ സന്ദർഭത്തിൽ ഇത്രയും തിരക്കുപിടിച്ച് സ്ഥലമേറ്റെടുക്കാൻ ഉത്തരവിടുന്ന ഈ നടപടി ന്യായീകരിക്കാനാവുന്നതാണോ?

ഈ സാഹചര്യത്തിൽ പരിസ്ഥിതി വിരുദ്ധവും ജന വിരുദ്ധവുമായ പെട്രോളിയം സംഭരണ പദ്ധതിയിൽ നിന്നും പിന്മാറാൻ സംസ്ഥാന സർക്കാറിനെ ഉപദേശിക്കണമെന്നും ജനകീയ പ്രക്ഷോഭത്തെ പിന്തുണക്കണമെന്നും താങ്കളോട് അഭ്യർഥിക്കുന്നു.”

രേണുക വടക്കൻ
ന്യൂസ് വിങ്‌സ്

error: Content is protected !!