കെ എം മാണി എന്ന പടുകൂറ്റൻ മരം

1964-ൽ കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോൾ മുതൽ കരിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ.എം.മാണിക്ക് കേരള രാഷ്ട്രീയത്തിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1965-ലെ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്നും ആദ്യമായി വിജയം നേടിയ മാണി പിന്നെ മരണം വരെ എംഎൽഎയായി തുടർന്നുവെന്നത് അത്യപൂർവമായ റിക്കാർഡാണ്. തുടർച്ചയായി 13 തവണയാണ് മാണി പാലായിൽ നിന്നും നിയമസഭാംഗമായത്. നിയമസഭാ സാമാജികൻ എന്ന നിലയിൽ 50 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തെ 2017-ൽ നിയമസഭ ആദരിക്കുകയും ചെയ്തിരുന്നു.

1965-ൽ ആണ് മാണി ആദ്യ വിജയം നേടിയതെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സഭ ചേർന്നില്ല. പിന്നീട് 67-ലെ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച മാണി മാർച്ച് 15ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ഒരു ദിവസം പോലും അദ്ദേഹം എംഎൽഎ എന്ന പദവിയില്ലാതെ ജീവിച്ചിട്ടില്ല എന്നതാണ് കൗതുകകരം.

ഏറ്റവും കൂടുതൽ കാലം മന്ത്രിസ്ഥാനം വഹിച്ചയാൾ, കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13), ഏറ്റവും അധികം മന്ത്രിസഭകളിൽ അംഗം (12), ഏറ്റവും അധികം കാലം ധന-നിയമ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ റിക്കാർഡുകളെല്ലാം അദ്ദേഹം സ്വന്തം പേരിൽ ചേർത്തു.

കോട്ടയം മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപിള്ളിയിൽ 1933 ജനുവരി 30-ന് കർഷക ദന്പതികളായ മാണിയുടെയും ഏലിയാമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. തൃശിനാപ്പള്ളി സെന്‍റ് ജോസഫ് കോളജ്, മദ്രാസ് ലോ കോളജ് എന്നിവടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ മാണി 1955-ൽ അഭിഭാഷക ജോലിയിൽ പ്രവേശിച്ചു.

പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 1959-ൽ കെപിസിസിയിൽ അംഗമായി. കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരിക്കുന്പോഴാണ് 1964-ൽ കേരള കോണ്‍ഗ്രസ് രൂപീകൃതമാകുന്നത്. പിന്നീട് കേരള കോണ്‍ഗ്രസ് നേതൃനിരയിലേക്കും കേരള രാഷ്ട്രീയത്തിലെ അതികായൻ എന്ന നിലയിലേക്കും പാലാക്കാരുടെ സ്വന്തം മാണി വളരുകയായിരുന്നു.

1956 നവംബർ 28-നായിരുന്നു മാണിയുടെ വിവാഹം. കോണ്‍ഗ്രസ് നേതാവ് പി.ടി.ചാക്കോയുടെ ബന്ധുവായ കുട്ടിയമ്മയാണ് ഭാര്യ. ജോസ് കെ. മാണി ഉൾപ്പടെ ആറ് മക്കളുണ്ട്. മറ്റ് മക്കൾ: എൽസമ്മ, ആനി, സാലി, ടെസി, സ്മിത.

error: Content is protected !!