“ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്ത്”; കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റിയ ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകനെതിരെ പരാതി

തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകന്‍ ബിനില്‍ സോമസുന്ദരത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ വിഷം ചീറ്റുന്ന പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ബിനില്‍ സോമസുന്ദരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ- മിത്താഹ്’ ദമ്പതികളുടേതാണ്…

ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും കാരണം ന്യൂനപക്ഷ (ജിഹാദിയുടെ) വിത്താണ്!!

ജിഹാദിയുടെ വിത്ത് എന്നാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇയാള്‍ വിശേഷിപ്പിച്ചത്. കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും പേര് എടുത്തുപറഞ്ഞുകൊണ്ടാണ് പോസ്റ്റ്. സാനിയ- മിത്താഹ് ദമ്പതികളുടെ കുഞ്ഞായതുകൊണ്ടാണ് ആംബുലന്‍സിനായി കേരളമാകെ തടസമില്ലാതെ ഗതാഗതം ഒരുക്കണമെന്ന് പറയുന്നത് എന്നാണ് ബിനില്‍ കുറിച്ചത്. ന്യൂനപക്ഷ വിത്തായതിനാലാണ് സര്‍ക്കാര്‍ ചികിത്സ സൗജന്യമാക്കിയതെന്നും ഇയാള്‍ കുറിച്ചു.

എന്നാല്‍, രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ പോസ്റ്റ് പിന്‍വലിച്ചു. ശബരിമല ആചാരസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരില്‍ ഒരാളാണ് ഇയാള്‍.

error: Content is protected !!