24 മണിക്കൂറിനിടെ വീട്ടിൽ 8 തവണ തീപിടുത്തം !!

മൂവാറ്റുപുഴയിലെ വീട്ടില്‍ തുടര്‍ച്ചയായുണ്ടായ തീപിടിത്തത്തിന്‍റെ കാരണം ഇനിയും തിരിച്ചറിയാനായില്ല. മൂവാറ്റുപുഴയ്ക്ക് സമീപം റാക്കാട്ടുള്ള മീട്ടേഷിന്‍റെ വീട്ടിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പ്രാവശ്യം തീപിടിച്ചത്. സംഭവത്തിന്‍റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ബുധനാഴ്ച രാത്രിയിലാണ് ആദ്യ തീപിടിത്തം. കുടുംബാംഗങ്ങള്‍ രാത്രി സംസാരിച്ചിരിക്കുന്നതിടെ കിടപ്പ് മുറിയിൽ തൂക്കിയിട്ടിരുന്ന സാരിക്കായിരുന്നു ആദ്യ തീപിടിത്തം. കാരണം വ്യക്തമായില്ലെങ്കിലും ഷോട്ട് സര്‍ക്യൂട്ട് വല്ലതുമാകാമെന്ന നിഗമനത്തില്‍ ഇത് കാര്യമായെടുത്തില്ല. ഒരു മണിക്കൂര്‍ പിന്നിട്ടില്ല അടുത്ത തീപിടിത്തം കട്ടിലിന്. പുലർച്ചെയോടെ അലമാര കത്തി. പിന്നീട് തടി മേശയുടെ ഒരു ഭാഗം കത്തി. വൈദ്യുതി വിച്ഛേദിക്കുകയും ഗ്യാസ് സിലണ്ടര്‍ മാറ്റുകയും ചെയ്ത ശേഷം പൊലീസിൽ വിവരം അറിയിച്ചു. അഗ്നിശമന ഉദ്യോഗസ്ഥരടക്കമെത്തി പരിശോധനയും നടത്തി. ഇതിനിടെ ഏട്ടാമത് വീണ്ടും തീപിടിത്തം. ഇത്തവണ തുണിയിട്ട് മൂടി വെച്ചിരുന്ന ബക്കറ്റാണ് കത്തിയത്.

വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തീപിടിത്തത്തിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. എന്തെങ്കിലും രാസപ്രവർത്തനമാകാമെന്ന് ചിലര്‍, കൂടോത്രമാണെന്ന് വേറെ ചിലര്‍. അങ്ങനെ വീടിന് ചുറ്റും കൂട്ടംകൂടിയവര്‍ കാരണം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. ഏതായാലും തീപിടിത്തത്തിന്‍റെ കാരണം കണ്ടുപിടിക്കാനാവാതെ പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും നട്ടം തിരിയുകയാണ് .

error: Content is protected !!