നോട്ട് നിരോധനത്തിന് ശേഷം 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്‍ടപ്പെട്ടു

ബെംഗലൂരു: 2016നും 2018നും ഇടയ്‍ക്ക് 50 ലക്ഷം പേര്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ നഷ്‍ടമായെന്ന് റിപ്പോര്‍ട്ട്. ബെംഗലൂരു ആസ്ഥാനമായുള്ള അസിം പ്രേംജി സര്‍വകലാശാലയാണ് കണക്കുകള്‍ പുറത്തുവിട്ടത്. സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ എന്ന റിപ്പോര്‍ട്ടിലാണ് ഫലങ്ങള്‍.

2016ല്‍ നടപ്പിലാക്കിയ നോട്ടുനിരോധനത്തിന് ശേഷമാണ് തൊഴിലില്ലായ്‍മ രൂക്ഷമായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. എങ്കിലും നോട്ടുനിരോധനം കാരണമാണ് തൊഴില്‍ നഷ്‍ടം ഉണ്ടായതെന്ന് നേരിട്ട് സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്ക് ഇടയില്‍ തൊഴിലില്ലായ്‍മ ഉയര്‍ന്ന് നില്‍ക്കുന്നതിനൊപ്പം തന്നെ അധികം വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് ഇടയിലും തൊഴിലില്ലായ്‍മ കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

സ്വതന്ത്ര ബിസിനസ് തിങ്ക് ടാങ്ക് ആയ സിഎംഐഇ-സിപിഡിഎക്സ് ആണ് സര്‍വേ നടത്തിയത്. 1.6 ലക്ഷം വീടുകളിലെ 5.22 ലക്ഷം വ്യക്തികളില്‍ നിന്ന് സ്വീകരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ഓരോ നാല് മാസവും വിവരശേഖരണവും പരിഷ്‍കരണവും നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് ആണിത്.

error: Content is protected !!