മുനമ്പം അനധികൃത കുടിയേറ്റം ; 5 പേർക്കൂടി പോലീസ് കസ്റ്റഡിയിൽ

മുനമ്പം ഹാര്‍ബര്‍ വഴി അനധികൃത കുടിയേറ്റം നടന്ന കേസില്‍ അഞ്ച് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. പ്രധാന പ്രതി സെല്‍വന്‍ അടക്കമുള്ള പ്രതികളെ തമിഴ്നാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രാജ്യം വിട്ടവര്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സംഭവം പ്രഥമദ്യഷ്ടാ മനുഷ്യക്കടത്താണ് നടന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

ചെന്നൈ തിരുവള്ളൂരില്‍ നിന്നാണ് കേസിലെ പ്രധാന പ്രതിയടക്കമുള്ളവരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തന്റെ മക്കളടക്കമുള്ളവര്‍ രാജ്യം വിട്ടതായും മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് നടത്തിയാണ് ബോട്ടില്‍ മുനമ്പത്ത് നിന്ന് ആളുകള്‍ കടന്നതെന്നും പ്രതിയായ സെല്‍വന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് വിവരം. മുനമ്പം മാല്യങ്കര ഹാര്‍ബറില്‍ നിന്നും രാജ്യം വിട്ടവര്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച് ക്യത്യമായി സൂചനകളുള്ളതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ വിശദീകരണം . പ്രഥമദൃഷ്ട്യാ സംഭവം മനുഷ്യക്കടത്താണ്. രാജ്യം വിട്ടവരെ സംബന്ധിച്ച് ക്യത്യമായ വിവരമില്ലാത്തിടത്തോളം മനുഷ്യക്കടത്ത് വകുപ്പ് പ്രതികള്‍ക്കെതിരെ ചുമത്താത്തതിനെ കോടതി വിമര്‍ശിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പട്ട പ്രശ്നമല്ലെയെന്നും അതിനാല്‍ സംസ്ഥാന പൊലീസ് അന്വേഷിക്കാതെ കേന്ദ്ര ഏജന്‍സി ഇത് സംബന്ധിച്ച് അന്വേഷണം നടത്തണ്ടെയന്നും കോടതി ചോദിച്ചു. മനുഷ്യക്കടത്ത് കുറ്റം കൂടി പ്രതികള്‍ക്കെതിരെ ചുമത്തുന്നത് പരിഗണനയിലാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

error: Content is protected !!