വർധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമവും ; സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

വർധിച്ചുവരുന്ന ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും സംബന്ധിച്ച് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ എഴുതിയ കത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതി നടപടി. ഹർജിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെയും കക്ഷി ചേർക്കാൻ കോടതി നിർദേശിച്ചു.

പൊതുതാല്പര്യ സ്വഭാവമുള്ളതിനാൽ ഉചിതമായ ബെഞ്ചിന് വിടാൻ ഹൈക്കോടതി രജിസ്ട്രിക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിട്ടുമുണ്ട്. പൊലീസും എക്സൈസും ഉൾപ്പെടെയുള്ള വിഭാഗങ്ങൾ നടത്തുന്ന ശ്രമങ്ങൾ വിസ്മരിക്കുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ അനിവാര്യമാണന്നും കത്തിൽ പറയുന്നു. മയക്കുമരുന്നിന്റെ ലഹരിയിൽ സംസ്ഥാനത്ത് അടുത്തിടെ അരങ്ങേറിയ ആസിഡ് ആക്രമണം, പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളെക്കുറിച്ച് കത്തിൽ പറയുന്നുണ്ട്.

ലഹരി മരുന്നിന്റെ ഉപയോഗം കുട്ടികളിലും യുവാക്കളിലും തീപോലെ പടർന്നു പിടിക്കുകയാണ്. മദ്യത്തിൽ നിന്ന് മയക്കുമരുന്നിലേക്ക് കൂടുതൽ പേർ എത്തുന്നുണ്ട്. രഹസ്യമായി കൊണ്ടുനടക്കാനും ഉപയോഗിക്കാനുമുള്ള സൗകര്യമുൾപ്പെടെ കണക്കിലെടുത്താണ് ഈ മാറ്റമെന്ന് കരുതാം. മദ്യത്തിന്റെ ഉപഭോഗം കണ്ടെത്താൻ കഴിയുന്ന ആൽക്കോ മീറ്ററോ ബ്രത്ത് അനലൈസറോ പോലെ ലഹരി മരുന്നിന്റെ ഉപഭോഗം കണ്ടെത്താനുള്ള ഉപകരണങ്ങൾ കേരളത്തിലില്ല. ഗുജറാത്തിലെ വഡോദരയിൽ ലഹരി മരുന്നിന്റെ ഉപയോഗം കണ്ടെത്താൻ കഴിയുന്ന പരിശോധനാ കിറ്റ് പൊലീസിന് ലഭ്യമാക്കിയിട്ടുണ്ടെന്നും ഇത്തരം കിറ്റുകൾ കേരളത്തിൽ ലഭ്യമാക്കണമെന്നും മുൻ ജില്ലാ പൊലീസ് മേധാവിയുടെ കത്തിൽ പറയുന്നുണ്ട്.

ലഹരിമരുന്ന് വിപത്തിനെ നേരിടാൻ നിലവിലെ സംവിധാനം ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നവീകരിക്കേണ്ടി വന്നേക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. രണ്ടാഴ്ചക്കകം വിശദീകരണം നൽകാനാണ് കോടതിയുടെ നിർദേശം.

error: Content is protected !!