തർക്കം തീരാതെ ബിജെപി

സ്ഥാനാർഥി പട്ടികയെ ചൊല്ലിയുള്ള തർക്കം തീർക്കാനാവാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം. ആർ.എസ്.എസിനെ ഉപയോഗിച്ച് കെ.സുരേന്ദ്രൻ സീറ്റിനായി ശ്രമം ശക്തിപ്പെടുത്തി. പുതിയ പേരുകൾ പട്ടികയിൽ വന്നതോടെ സംസ്ഥാന നേതാക്കൾക്ക് പലർക്കും മത്സരിക്കാനാവാത്ത അവസ്ഥ യാണുള്ളത്.

പലരും നോട്ടമിട്ട് പട്ടികയിൽ സ്ഥാനമുറപ്പിച്ച മണ്ഡലങ്ങൾ ദിവസവും മാറി മറിയുന്നതാണ് ബി.ജെ.പിയിലെ അവസ്ഥ. എ പ്ലസ് എന്ന വിഭാഗത്തിൽ പെടുത്തിയ മണ്ഡലങ്ങളാണ് നേതാക്കൾ പലരും കണ്ണുവച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, ഇങ്ങനെ നോട്ടമിട്ട മണ്ഡലങ്ങളിൽ ഒടുവിൽ ആര് വരും എന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് കേരള നേതാക്കൾ. ഇതോടെ പട്ടികയിൽ ഒന്നാമനായി ഇടം പിടിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് ഓരോരുത്തരും. വി.മുരളീധര വിഭാഗം ഡൽഹി കേന്ദ്രീകരിച്ച സമ്മർദ്ദം ശക്തമാക്കുകയാണ്. ശബരിമല പ്രശ്നങ്ങളുടെ പശ്ചാത്തലം ഉയർത്തിക്കാട്ടി കെ.സുരേന്ദ്രന് പത്തനംതിട്ട ലഭിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന് നിർണായ സ്വാധീനമുള്ള ആർ.എസ്.എസ് നിലപാട് സുരേന്ദ്രന് അനുകൂലമാക്കാനാണ് ശ്രമം.

ഇതിൽ കുമ്മനത്തിന്റെ ആശിർവാദവും മുരളീധരപക്ഷം പ്രതീക്ഷിക്കുന്നു. അതേ സമയം സ്ഥാനാർഥി പട്ടികക്കൊപ്പം സംസ്ഥാനത്തെ പടലപ്പിണക്കങ്ങൾ കൂടി തീർക്കണമെന്നും ആർ.എസ്.എസ്-ബി.ജെ.പി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന. ഇതിനിടയിൽ സ്ഥാനാർഥിത്വം ഉറപ്പിച്ച കുമ്മനം രാജശേഖരനും പ്രത്യക്ഷ പ്രചാരണത്തിനിറങ്ങിയിട്ടില്ല. ചുമരെഴുത്തുകൾ നടക്കുന്നുവെങ്കിലും പ്രമുഖരെ സന്ദർശിക്കുന്നതിൽ പ്രചാരണം ഒതുക്കുകയാണ് കുമ്മനം. സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം പ്രചരണം ശക്തിപ്പെടുത്താനാണ് തീരുമാനം.

error: Content is protected !!