വയനാട്ടിൽ മത്സരിക്കാൻ രാഹുലിന് ധൈര്യം ഉണ്ടോയെന്ന് പിള്ള
ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരൻ പിള്ള. രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ ബിഡിജെഎസിന്റെ അനുമതിയോടെ ഇവിടെ ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ സ്മൃതി ഇറാനിയെ ഇവിടെയും എതിരാളിയായി കൊണ്ടുവരാൻ ബിജെപി സംസ്ഥാന- ദേശീയ നേതൃത്വങ്ങൾ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധരൻപിള്ളയുടെ വെല്ലുവിളി.
അതേസമയം, വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതിനേക്കുറിച്ച് ഇതുവരെ തീരുമാനമൊന്നുമായിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. വാർത്താ സമ്മേളനത്തിനെത്തിയ രാഹുൽ ഗാന്ധിയാകട്ടെ ഇതേക്കുറിച്ച് പ്രതികരിച്ചതുമില്ല.