പ്രധാനമന്ത്രിയുടേത് കോടതി അലക്ഷ്യ പ്രസ്താവന – സീതാറാം യെച്ചൂരി…

ശബരിമല യുവതീപ്രവേശനത്തിൽ കേരളസർക്കാരിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. പ്രധാനമന്ത്രി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണ്. ഇതിനെതിരെ കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തില്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച നിലപാട് ലജ്ജാകരമാണെന്ന് കേരളത്തിലെത്തിയ മോദി പറഞ്ഞിരുന്നു. കൊല്ലം പീരങ്കിമൈതാനത്തെ എൻഡിഎ മഹാസമ്മേളനത്തിലായിരുന്നു മോദിയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ യെച്ചൂരി രംഗത്തെത്തിയത്. നിയമമാണ് നടപ്പാക്കേണ്ടത്. അല്ലാതെ ആൾക്കൂട്ട നിയമം അല്ല. ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത്  പ്രധാനമന്ത്രിയുടെ കസേരയിലിരിക്കുന്ന ഒരാൾ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് അപമാനകരമാണെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

കേരളത്തിന്‍റെ ആദ്ധ്യാത്മികതയുടെയും ചരിത്രത്തിന്‍റെയും അടയാളമാണ് ശബരിമല. അവിടെ യുവതീപ്രവേശനവിഷയത്തിൽ എൽഡിഎഫ് എടുത്ത നിലപാട് ഏറ്റവും മോശം നിലപാടായി ചരിത്രം രേഖപ്പെടുത്തും. ഇന്ത്യയുടെ സംസ്കാരത്തെയും ആദ്ധ്യാത്മികതയെയും ബഹുമാനിക്കുന്നവരല്ല എൽഡിഎഫുകാർ. അവർ പക്ഷേ, ശബരിമല വിഷയത്തിൽ ഇത്ര മോശം നിലപാടെടുക്കുമെന്ന് കരുതിയിരുന്നില്ലെന്നും മോദി പറഞ്ഞിരുന്നു.

കോൺഗ്രസിനാകട്ടെ ഈ വിഷയത്തിൽ ഇതുവരെ ഒരു നിലപാടില്ല. പാർലമെന്‍റിൽ ഒരു നിലപാടെടുക്കുന്ന കോൺഗ്രസ് കേരളത്തിലെ പത്തനംതിട്ടയിൽ മറ്റൊരു നിലപാടാണ് എടുക്കുന്നത്. നിങ്ങളുടെ ഇരട്ടത്താപ്പും ഓരോ ദിവസവുമെടുക്കുന്ന നിലപാടുകളും എല്ലാവർക്കുമറിയാം. ശബരിമല വിഷയത്തിൽ ബിജെപിയുടെ നിലപാട് വളരെ കൃത്യമാണ്. അത് കേരളത്തിലെ വിശ്വാസികൾക്കൊപ്പമാണ്. ശബരിമലയിൽ ഭക്തരുടെ ഒപ്പം നിന്ന ഒരേയൊരു പാർട്ടി ബിജെപിയാണ്. അത് സൗകര്യത്തിനനുസരിച്ച് മാറുന്നതല്ല, ഉറച്ചതാണെന്ന് കൊല്ലത്ത് പ്രസംഗിക്കവെ മോദി പറഞ്ഞിരുന്നു.

error: Content is protected !!