ഗോ ബാക്ക് മോദി ഹാഷ്ടാഗുമായി ട്വിറ്റര്‍ ക്യാംപയിന്‍; മോദിയുടെ മധുര സന്ദര്‍ശനത്തിൽ പ്രതിഷേധിച്ച് തമിഴകം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധുര സന്ദര്‍ശനത്തിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ പ്രതിഷേധം. തമിഴ്‌നാടിനെ ചതിച്ച മോദി തിരിച്ചു പോകണമെന്ന മുദ്രാവാക്യമുയര്‍ത്തി എം.ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അതിനിടെ ട്വിറ്ററില്‍ മോദിക്കെതിരെ ഹാഷ്ടാഗ് ക്യാംപയനും സജീവമായി. ഗോ ബാക്ക് മോദി എന്ന പേരിലുള്ള ഹാഷ്ടാഗ് ക്യാംപയിന്‍ ആണ് പ്രചരിക്കുന്നത്.

ഇന്ന് പ്രധാനമന്ത്രി മധുരയില്‍ എയിംസിന് തറക്കില്ലിടാനിരിക്കെയാണ് പ്രചാരണം. മോദിക്ക് മധുരയിലേക്ക് സ്വാഗതമെന്ന പേരില്‍ മോദി അനുകൂലികളുടെ ഹാഷ്ടാഗ് ക്യാംപയ്‌നും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് എതിരെ കഴിഞ്ഞ ദിവസം ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു.

ഗജ ആഞ്ഞടിച്ചപ്പോള്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ചാണ് രോഷം കത്തുന്നത്. തമിഴ്‌നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രത്തോടുകൂടിയ കാര്‍ട്ടൂണോടെയാണ് പ്രതിഷേധപോസ്റ്റുകള്‍ പ്രചരിക്കുന്നത്. തമിഴ്‌നാട്ടിലെ കര്‍ഷകന്‍ മോദിയെ നാട്ടില്‍ നിന്ന് ചവിട്ടിപ്പുറത്താക്കുന്ന കാര്‍ട്ടൂണും ട്രെന്‍ഡിംഗാണ്.

എന്നാല്‍, ഇതിനെ പ്രതിരോധിക്കാന്‍ ‘ടി എന്‍ വെല്‍കംസ് മോദി’ എന്ന ഹാഷ് ടാഗ് ബിജെപി പ്രവര്‍ത്തകരും തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഗജ ചുഴലിക്കാറ്റ് വ്യാപകനഷ്ടമുണ്ടാക്കിയപ്പോള്‍ മോദി സഹായിക്കാന്‍ എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന പ്രതിഷേധക്കാര്‍ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധസമരത്തില്‍ 13 പേര്‍ വെടിയേറ്റ് മരിച്ചപ്പോള്‍ എവിടെയായിരുന്നു എന്ന് ചോദിക്കുന്നു. കാവേരി പ്രശ്‌നം വന്നപ്പോള്‍ മോദി കര്‍ണാടകയ്ക്ക് അനുകൂലമായി നിലപാടെടുത്തതും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്ത 13 പേരെ വെടിവെച്ചുകൊന്നതും 12ാം ക്ലാസ് പരീക്ഷയിലെ മാര്‍ക്ക് പരിഗണിക്കുന്നതിന് പകരം നീറ്റ് പരീക്ഷ ഏര്‍പ്പെടുത്തിയതും ട്വിറ്ററിലെ ഗോ ബാക് മോദി പ്രതിഷേധത്തിനുള്ള മറ്റ് കാരണങ്ങളാണ്.

കഴിഞ്ഞ വര്‍ഷം മോദി ചെന്നൈയിലെത്തിയപ്പോഴും സമാനമായ പ്രതിഷേധമുണ്ടായിരുന്നു. ചെന്നൈയില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കടുത്ത് കറുത്ത ബലൂണ്‍ പറത്തിയാണ് അന്ന് പ്രതിഷേധം നടന്നത്.

error: Content is protected !!