ഈ മാസം തന്നെ രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ : ശബരിമല സമരം ശക്തമാക്കാൻ ബിജെപി

ദേശീയ നേതാക്കളെ എത്തിച്ച് ശബരിമല സമരം ശക്തമാക്കാൻ ബിജെപി. ഇതിന്‍റെ ഭാഗമായി  ഈ മാസം 18ന് നടക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധതത്തില്‍ ദേശീയ നേതാക്കൾ പങ്കെടുക്കും.  ഈ മാസം തന്നെ രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും.

15ന് ദേശീയപാത ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് പിന്നാലെ  കൊല്ലത്ത് ബിജെപി പൊതു സമ്മേളനത്തിലാണ് ആദ്യം നരേന്ദ്ര മോദി പങ്കെടുക്കുക. തുടര്‍ന്ന് 27ന് തൃശ്ശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളന സമാപനത്തിനും പ്രധാനമന്ത്രിയെത്തും. 18ാം തീയതി നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ പരിപാടിയായി നടത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്.

ശബരിമല കര്‍മ്മസമിതിയെയും ആര്‍എസ്എസിനെയും ഒപ്പം കൂട്ടി ദേശീയ നേതാക്കളെയും പങ്കെടുപ്പിക്കാന്‍ ബിജെപി ഒരുങ്ങുകയാണ്. വന്‍ ജനപങ്കാളിത്തം ഉറപ്പാക്കി ശക്തിപ്രകടനം നടത്താനാണ് ബിജെപി നീക്കം.  ഈ പരിപാടികള്‍ക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും.

ജനുവരിയില്‍ തന്നെ കേരളത്തില്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പരിപാടി അടുത്ത മാസത്തേക്ക് മാറ്റി. പ്രതിഷേധ പരിപാടികള്‍ക്ക് ഇന്നലെ നടന്ന യോഗത്തില്‍ പ്രാഥമിക തീരുമാനമായി. സമ്മേളനങ്ങള്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പ് വരെ വിഷയം ഉയര്‍ത്തിപ്പിടിക്കാനാണ് ബിജെപിയുടെ തീരുമാനം.

error: Content is protected !!