പാലക്കാട്ട് നിപ്പ ബാധയെന്ന് ഫേസ്ബുക്കില്‍ വ്യാജപ്രചാരണം; ഒരാള്‍ക്കെതിരെ കേസെടുത്തു

പാലക്കാട് നിപ്പ ബാധയെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ ആൾക്കെതിരെ പാലക്കാട് ടൗണ്‍ നോർത്ത് പൊലീസ് കേസെടുത്തു. ഫേസ്ബുക്കിൽ പോസ്റ്റിട്ട സുമേഷ് ചന്ദ്രനെതിരെയാണ് കേസ് എടുത്തത്. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ പൊലീസിന് പരാതി നൽകിയിരുന്നു. പാലക്കാട് നിപ്പ ബാധയില്ലെന്നും വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പാലക്കാട്ട് നിപ്പ ബാധിച്ച് രണ്ടുപേ‍ർ ചികിത്സയിലെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ദിവസങ്ങളായുളള പ്രചരണം. കോഴിക്കോട്ട് നിന്നെത്തിച്ച ഇറച്ചി കോഴികളിൽ നിന്നാണ് രോഗബാധയെന്നും പ്രചരിപ്പിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വാർത്ത പടർന്നതോടെ ആരോഗ്യ വകുപ്പും ആശങ്കിലായി.

എന്നാൽ തീർത്തും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിച്ചതെന്ന് ജില്ല മെഡിക്കൽ ഓഫീസർ പറഞ്ഞു. നിലവിൽ ജില്ലയിൽ ഗുരതരമായ രോഗങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജാഗ്രതാ നിർദേശങ്ങൾ ഇപ്പോഴും നൽകുന്നുണ്ട്.

സാധാരണ ജനങ്ങളിൽ തെറ്റിധാരണയും ആശങ്കയും  പടർത്തുന്ന   വ്യാജ പ്രചരണങ്ങൾക്കെതിരെ  നിയമ നടപടികൾ സ്വീകരിക്കുണമെന്നാവശ്യപ്പെട്ട്  ജില്ലാ പൊലീസ് മേധാവിക്ക് പരാതിയും നൽകിയിരുന്നു.  സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് വ്യാജ വാർത്തയുടെ ഉറവിടം പൊലീസ് കണ്ടെത്തിയത്.

error: Content is protected !!