കോണ്‍ഗ്രസ് രഹിത വടക്കു കിഴക്കന്‍ ഇന്ത്യ; കോൺഗ്രസ് പതനം പൂര്‍ണം

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലസൂചനകള്‍ എം.എന്‍.എഫ് മിസോറാമില്‍ ഭരണം ഉറപ്പിച്ച പോലെയാണ്. വോട്ടെണ്ണി തുടങ്ങിയത് മുതല്‍ ഒറ്റത്തവണപോലും കോണ്‍ഗ്രസിന് മുന്നേറാന്‍ ഒരു അവസരം പോലും നല്‍കാതെയാണ് എം.എന്‍.എഫ് (മിസോ നാഷ്ണല്‍ ഫ്രണ്ടി)ന്റെ മുന്നേറ്റം. അധികാരം നഷ്ടമായാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ലാതെയാകും. ഇതോടെ, ബി.ജെ.പി അവകാശപ്പെടുന്ന കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന സങ്കല്‍പം വടക്കു കിഴക്കന്‍ മേഖലയില്‍ യാഥാര്‍ഥ്യമാവുകയും ചെയ്യും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചാല്‍, ഇടത് കോട്ടയായ ത്രിപുര വരെ ബിജെപി പിടിച്ചടക്കി. മണിപ്പൂരും അരുണാചലിലും താമര വിരിഞ്ഞു. മേഘാലയയിലും നാഗാലാന്റിലും കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കി പക്ഷേ മിസോറാം മാത്രം വഴങ്ങാതെ നിന്നിരുന്നു.

മൂന്നാം തവണയും തുടര്‍ ഭരണം സ്വപ്നം കണ്ടാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാല്‍, സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം മിസോ നാഷനല്‍ ഫ്രണ്ടിന്റെ മികച്ച പ്രകടനമാണ് ഫലസൂചനകളില്‍ പുറത്തുവരുന്നത്. ആകെയുള്ള 40 സീറ്റുകളില്‍ 34 എണ്ണത്തിലും വിജയിച്ചാണ് കോണ്‍ഗ്രസ് കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്.

പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിയത്. ഭരണവിരുദ്ധവികാരവും ഇത്തവണ പാര്‍ട്ടിയെ തിരിച്ചടിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തമ്മിലടി ലാല്‍സിര്‍ലിയാന, ലാല്‍റിന്‍ലിയാന സെയ്‌ലോ എന്നീ നേതാക്കന്‍മാരെ എം.എന്‍.എഫ് നേതാക്കന്‍മാരെ എംഎന്‍എഫ് പാളയത്തിലേക്ക് എത്തിച്ചു. ക്രിസ്ത്യന്‍ സമുദായത്തിനും ഗോത്രവിഭാഗങ്ങള്‍ വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മിസോറാം.

1998 ഡിസംബര്‍ മുതല്‍ 2008 ഡിസംബര്‍ വരെ മിസോറം ഭരിച്ച മിസോ നാഷനല്‍ ഫ്രണ്ടാണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷവും പ്രബലമായ പ്രാദേശിക കക്ഷിയും. വികസനമില്ലായ്മ മുതലുള്ള പ്രാദേശിക വിഷയങ്ങള്‍ ഉന്നയിച്ചാണ് പാര്‍ട്ടി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കാന്‍ ബി.ജെ.പി രൂപം നല്‍കിയ നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമായ മിസോ നാഷനല്‍ ഫ്രണ്ടിന് സംസ്ഥാനത്ത് നല്ല വേരുകളുണ്ടെങ്കിലും ഒരു സഖ്യം വേണ്ടെന്ന നിലപാടാണ് ബി.ജെ.പി നേതൃത്വത്തിനുള്ളത്. മിസോ നാഷനല്‍ ഫ്രണ്ടിനും സമാന കാഴ്ചപ്പാടു തന്നെയാണുള്ളത്.

error: Content is protected !!