ബന്ധുനിയമന വിവാദം: കെ.ടി ജലീലിനെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്

മന്ത്രി കെ ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി ഫെയ്സ്ബുക്കിലൂടെ നല്‍കിയ മറുപടി അദ്ദേഹത്തിന്റെ കുറ്റസമ്മതമാണ്. ഇതു പ്രകാരം മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.

മന്ത്രി കെ.ടി ജലീല്‍ ചട്ടംമറികടന്ന് ബന്ധുവിന് മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി നിയമനം നല്‍കിയെന്ന് യൂത്ത് ലീഗ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. യോഗ്യതയുള്ള ആളെ കിട്ടാത്തത് കൊണ്ടാണ് ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിച്ചതെന്നും ഇങ്ങനെ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും ആരോപണത്തിന് മറുപടിയായി മന്ത്രി ഫെയ്സ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മന്ത്രിയുടേത് കുറ്റസമ്മതമാണെന്നും പുറത്താക്കണമെന്നുമാണ് യൂത്ത് ലീഗിന്‍റെ ആവശ്യം.

ഇന്‍റര്‍വ്യൂ നടത്തി യോഗ്യരായ ആളെ കിട്ടിയില്ലെങ്കില്‍ റീ നോട്ടിഫൈ ചെയ്ത് വീണ്ടും അപേക്ഷ ക്ഷണിക്കുന്നതിന് പകരം മന്ത്രി ബന്ധുവിന് മാത്രം അപേക്ഷ നല്‍കാന്‍ ഏത് നിയമമാണ് കേരളത്തില്‍ അനുവദിക്കുന്നതെന്നും യൂത്ത് ലീഗ് ചോദിക്കുന്നു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും. നാളെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാനും യൂത്ത് ലീഗ് തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച കോഴിക്കോട്ടെ മൈനോരിറ്റി ഫിനാന്‍സ് ഡവലപ്മെന്‍റ് കോര്‍പറേഷനിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.

error: Content is protected !!