ശിവദാസന്‍റെ മരണം തുടയെല്ല് പൊട്ടിചോര വാര്‍ന്ന്: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ട ളാഹക്ക് സമീപത്തെ കൊക്കയിൽ കണ്ടെത്തിയ ശബരിമല തീർത്ഥാടകന്‍ ശിവദാസന്‍റെ മരണം രക്തസ്രാവത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടയെല്ല് പൊട്ടിയാണ് രക്തസ്രാവം ഉണ്ടായതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ നിലയ്ക്കലിലെ പൊലീസ് മര്‍ദ്ദനത്തിലാണ് ശിവദാസന്‍ മരണപ്പെട്ടതെന്ന സംഘപരിവാർ സംഘടനകളുടെ പ്രചാരണം ദുർബലമാവുകയാണ്.

തുടയെല്ല് പൊട്ടി രണ്ടായി മാറിയിട്ടുണ്ടെന്നും ഉയര്‍ന്ന സ്ഥലത്ത് നിന്നുള്ള വീഴ്ചയിലാകാം തുടയെല്ല് പൊട്ടിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടില്‍ പറയുന്നു. വീഴ്ചയിൽ നിന്നോ അപകടം കൊണ്ടോ ഇങ്ങനെ സംഭവിക്കാമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ കാര്യമായ ക്ഷതം ഉള്ളതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.

ഇന്നലെ വൈകിട്ടാണ് പന്തളം സ്വദേശി ശിവദാസന്‍റെ മൃതശരീരം ളാഹക്ക് സമീപം കമ്പകത്തുംവളവിലെ കൊക്കയിൽ കണ്ടെത്തിയത്. സമീപത്ത് ഇദ്ദേഹം സഞ്ചരിച്ചെന്ന് കരുതുന്ന മൊപ്പെഡ് മോട്ടോർസൈക്കിളും ഉണ്ടായിരുന്നു. 18-ന് ശബരിമലക്ക് പോയ ശിവദാസനെ കാണാനില്ലെന്ന് കാണിച്ച് മകൻ കഴിഞ്ഞമാസം 25-ന് പൊലീസിൽ പന്തളം പരാതി നൽകിയിരുന്നു. ഈ പരാതിയിൽ 19-ാം തിയ്യതി സന്നിധാനത്ത് നിന്ന് ശിവദാസന്‍ ഫോണിൽ വിളിച്ചതായും വ്യക്തമാക്കുന്നുണ്ട്. പൊലീസ് നടപടിയെ തുടർന്നാണ് ശിവദാസന്‍ മരിച്ചതെന്നാരോപിച്ച് പത്തനംതിട്ട ജില്ലയിൽ ബിജെപി ഇന്ന് ഹർത്താൽ നടത്തിയിരുന്നു.

error: Content is protected !!