മണ്ഡലകാലം: ശബരിമലയിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

മണ്ഡലവിളക്കിനോട് അനുബന്ധിച്ചുള്ള ശബരിമലയിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. പ്രളായാനന്തര നിർമ്മാണ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ വിലയിരുത്താനാണ് യോഗം ചേരുന്നത്.

കുടിവെള്ളം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് ദേവസ്വം ബോര്‍ഡും കരാര്‍ ഏറ്റെടുത്ത കമ്പനികളും ശ്രമിച്ചിരുന്നത്. എന്നാല്‍, എത്രത്തോളം ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയെന്നുള്ളത് നാളത്തെ യോഗം ചര്‍ച്ച ചെയ്യും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പല കാര്യങ്ങളിലും ഒരുക്കങ്ങള്‍ പാതി പോലും പിന്നിട്ടിട്ടില്ല.

ഇനി പ്രാമുഖ്യം നോക്കി അതിവേഗം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനായിരിക്കും തീരുമാനമുണ്ടാവുക. കൂടാതെ, സുരക്ഷ സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യും. അതേസമയം, ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് വിപുലമായ പദ്ധതികളാണ് കെഎസ്ആര്‍ടിസി വിഭാവനം ചെയ്തിരിക്കുന്നത്.

വിമാനം വഴിയും ട്രെയിന്‍ വഴിയും വരുന്നവര്‍ക്ക് സേവനമൊരുക്കുന്ന അയ്യപ്പ ദര്‍ശന്‍ എന്ന പാക്കേജാണ് കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തുന്നത്. ദര്‍ശനത്തിന് വരുന്നവര്‍ക്ക് ഇത്തവണ കൂടുതല്‍ സൗകര്യം ചെയ്ത് കൊടുക്കാന്‍ കെസ്ആര്‍ടിസി ഒരുങ്ങിയതായി ഗതാഗത മന്ത്രി മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ചെറുവാഹനങ്ങള്‍ കടത്തി വിട്ടിരുന്നു. എന്നാല്‍, ഇത്തവണ പ്രളയത്തില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഒഴികെ ഒരു വാഹനങ്ങളും കടത്തി വിടേണ്ടെന്നാണ് ശബരിമല ഉന്നതാധികാര സമിതിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് വിപുലമായ സൗകര്യങ്ങളൊരുക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഓരോ മിനിറ്റിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തും. ഇതിനായി 250 ബസ്സുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയതായി മന്ത്രി പറഞ്ഞു. അയ്യപ്പദര്‍ശന്‍ ടൂര്‍ പാക്കേജാണ് ഇത്തവണത്തെ പ്രധാന പദ്ധതി പമ്പയില്‍ നിന്ന് ത്രിവേണിയിലേക്ക് ഇത്തവണ കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഒരുക്കിയിട്ടുണ്ട്.

error: Content is protected !!