ശബരിമല: കോടതിക്കും സര്‍ക്കാരിനും നല്ല ബുദ്ധി തോന്നാന്‍ ക്ഷേത്രങ്ങളിൽ ഗണപതി ഹോമം

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിക്കും അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാരിനും നല്ല ബുദ്ധി വരുത്താന്‍ ഗണപതി ഹോമവുമായി ഹൈന്ദവ ധര്‍മ ആചാര്യസംഘം. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണ്, ക്ഷേത്രത്തിന്റെ ക്ഷേത്രത്തിന്റെ പരിശുദ്ധി നശിപ്പിക്കാന്‍ ആര് ശ്രമിച്ചാലും തടയുമെന്നും ആചാര്യസംഘം പറഞ്ഞു. വിശ്വസികളുടെ ഭാഗത്ത് നിന്നാണ് ഇത്തരം നീക്കമെങ്കിലും തടയുമെന്നും ആചാരങ്ങള്‍ക്ക് മാറ്റം വരുത്തുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്നും സംഘം വ്യക്തമാക്കി.

എല്ലാ ക്ഷേത്രങ്ങളിലും 12 ദിവസം തുടർച്ചയായി ഗണപതിഹോമവും നാമജപങ്ങളും നടത്താനാണ് ആചാര്യ സംഗമത്തില്‍ തീരുമാനം. ക്ഷേത്രത്തിനകത്തെ ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ഭരണകൂടം വിട്ടു നിൽക്കണമെന്നും എറണാകുളത്ത് ചേർന്ന ആചാര്യ സംഗമത്തിനു ശേഷം തന്ത്രിസമാജം പ്രതിനിധികൾ പറഞ്ഞു.

ദൈവത്തിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസമില്ലാത്തവർ ക്ഷേത്രാചാരങ്ങളിൽ ഇടപെടുന്നത് അവയുടെ നാശത്തിനു കാരണമാകും. കോടതിവിധിയിലും അതേ തുടർന്നുണ്ടായ നടപടികളിലും വിശ്വാസി സമൂഹം ആശങ്കയിലാണ്. ആചാരത്തിൽ ഏതെങ്കിലും വിധത്തിലുള്ള മാറ്റം വരുത്തുന്നത് അംഗീകരിക്കാനാകില്ല. ഈശ്വര സാന്നിധ്യത്തെ കുറിച്ച്‌ വിധി പറയാൻ കോടതികൾക്കു കഴിയില്ല. വിധി ശബരിമലയെ മാത്രമല്ല, കേരളീയ തന്ത്രശാസ്ത്ര വിധിപ്രകാരം ആചാരങ്ങൾ അനുഷ്ഠിച്ചു പോരുന്ന നാൽപ്പതിനായിരത്തോളം ക്ഷേത്രങ്ങളിലെ ആരാധനാക്രമത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇവർ അഭിപ്രായപ്പെട്ടു. എൻ.എസ്.എസ്. മന്ദിരം ആക്രമിച്ച സമൂഹവിരുദ്ധരുടെപേരിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അതേ സമയം സന്നിധാനത്ത് രക്തം വീഴ്ത്താൻ പദ്ധതിയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ രാഹുൽ ഈശ്വറിന്‍റെ നിലപാടിനെ തന്ത്രിസമാജം തള്ളി. ക്ഷേത്രത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താൻ ശ്രമിക്കുന്നത് വിശ്വാസികളാണെങ്കിൽ പോലും അത് അനുവദിക്കാനാകില്ലെന്ന് അവർ വ്യക്തമാക്കി.

error: Content is protected !!