വേണ്ടിവന്നാൽ 1992 ആവർത്തിക്കും: രാമക്ഷേത്രത്തില്‍ നിലപാട് കടുപ്പിച്ച് ആര്‍‌എസ്‌എസ്

ഒരിടവേളക്ക് ശേഷം രാമക്ഷേത്ര വിഷയത്തില്‍ ആർഎസ്എസ് നിലപാട് കടുപ്പിക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് അനന്തമായി കാത്തിരിക്കാനാകില്ലെന്ന് ആർഎസ് എസ്, കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി.

ക്ഷേത്ര നിർമ്മാണത്തിന് ഉടനടി ഓ‍ർഡിനൻസ് പുറത്തിറക്കണമെന്ന് ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ 1992 ആവർത്തിക്കുമെന്നും ആർഎസ്എസ് മുന്നറിയിപ്പ് നൽകി. 1992 ഡിസംബർ ആറിനായിരുന്നു കർസേവകർ രാമക്ഷേത്ര നിർമ്മാണത്തിനായി പ്രക്ഷോഭം ശക്തമാക്കിയതും ബാബറി മസ്ജിദ് തകർത്തതും.

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ബിജെപി അധ്യക്ഷൻ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ദീപാവലിക്ക് ശുഭവാർത്ത പ്രതീക്ഷിക്കുന്നതായും ഭയ്യാജി ജോഷി പറഞ്ഞു.

കോടതിയിൽ വിശ്വാസമുണ്ടെങ്കിലും കോടതി ഈ വിഷയത്തിന് പരിഗണന നൽകാത്തതിൽ വേദനയുണ്ടെന്നും ഭയ്യാജി പറഞ്ഞു. രാമക്ഷേത്ര വിഷയത്തിൽ  നീതിപീഠം പ്രത്യേക പരിഗണന  നൽകണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ അനൂകൂല വിധി ഉണ്ടാകുമെന്നാണ് വിശ്വാസം. കോടതിയിൽ നിന്ന് ഉടനടി വിധി പ്രതീക്ഷിക്കുന്നില്ല.  അതുകൊണ്ട്  കോടതി വിധിക്കായി അനന്തമായി കാത്തിരിക്കാനാകില്ലെന്നും ആർഎസ്എസ് നേതൃത്വം മുന്നറിയിപ്പ് നൽകി.

നേരത്തെ അയോധ്യ കേസ് തുടര്‍നടപടികള്‍ക്കായി ജനുവരിയിലേക്ക് മാറ്റിയിരുന്നു. കേസ് പരിഗണിക്കുന്ന തിയ്യതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധിയ്ക്കെതിരെയുള്ള അപ്പീലുകള്‍ ഉള്‍പ്പെടെ പതിനാറ് ഹര്‍ജികളാണ് കോടതിക്ക് മുമ്പിലുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയലാഭത്തിനായാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നീക്കവുമായി രംഗത്തെത്തിയത്.

error: Content is protected !!