അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം: ഭരണഘടനയ്ക്കെതിരെന്ന് ഉദ്യോഗസ്ഥപ്രമുഖര്‍

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 27-ന് കണ്ണൂരിൽ ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരേ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ അടക്കം 49 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ. ഭരണഘടനയ്ക്കു വിരുദ്ധമായി പ്രസംഗിച്ച ഷായ്ക്കെതിരേ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് അവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഷായുടെ ഇത്തരം പ്രസംഗം പ്രോത്സാഹിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 27നാണ് അമിത് ഷാ ബി.ജെ.പി നേതൃത്വത്തില്‍ നടക്കുന്ന ശബരിമല സമരത്തെ പിന്തുണച്ച് കൊണ്ട് സംസാരിച്ചത്. നടപ്പിലാക്കാന്‍ പറ്റുന്ന നിര്‍ദേശങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും അപ്രായോഗിക ഉത്തരവുകളില്‍ നിന്ന് കോടതി പിന്മാറണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് പിടിച്ച് താഴെയിടുമെന്നും അമിത് ഷാ പ്രസംഗിച്ചിരുന്നു.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അദ്ധ്യക്ഷനായ അമിത് ഷായുടെ ഈ പ്രസംഗം സുപ്രീംകോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും തെരുവിലിറങ്ങിയ പ്രതിഷേധക്കാരുടെ മതവികാരം ആളിക്കത്തിച്ച് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പറയുന്നത് ഭീഷണിയാണെന്നും പരാതിയില്‍ പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് തെരഞ്ഞടുപ്പ് കമ്മീഷന് ചട്ടമനുസരിച്ച് എല്ലാ പാര്‍ട്ടികളും തങ്ങളുടെ ഭരണഘടനയില്‍ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ പാലിക്കുമെന്ന് ഉള്‍ക്കൊള്ളിക്കണം. ബി.ജെ.പിയും ഇക്കാര്യം അവരുടെ ഭരണഘടനയില്‍ ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് ചട്ടം ലംഘിച്ചാല്‍ പാര്‍ട്ടികളുടെ അംഗീകാരം പിന്‍വലിക്കാനോ സസ്‌പെന്‍ഡ് ചെയ്യാനോ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അദ്ധ്യക്ഷന്റെ ഈ ഭരണഘടനാ വിരുദ്ധ പ്രസംഗം തിരുത്തപ്പെടാതെ പോയാല്‍ രാജ്യഘടനയില്‍ ഗുരുതരമായ ഭവിഷത്തുണ്ടാക്കുമെന്നും പരാതിയില്‍ പറയുന്നു.

error: Content is protected !!