ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ടി.ജി.മോഹൻദാസിന്‍റെ ഹര്‍ജിയെ നിയമപരമായി നേരിടും: രാഹുല്‍ ഈശ്വര്‍

ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ടി.ജി.മോഹൻദാസ് സമർപ്പിച്ച ഹർജിയെ ശക്തിയുക്തം എതിർക്കുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. ഹര്‍ജിയെ നിയമപരമായി നേരിടുമെന്നും രാഹുൽ പറഞ്ഞു.  എല്ലാ മതസ്ഥര്‍ക്കും പ്രവേശനമുണ്ടായിരുന്ന ക്ഷേത്രമായ ശബരിമലയെ വര്‍ഗീയ വാദത്തിന്റെ കണ്ണിലൂടെ അവതരിപ്പിക്കാനാണ് ടി ജി മോഹന്‍ദാസ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമലയെ വര്‍ഗീയവത്കരിക്കുന്നവര്‍ അയ്യപ്പന്റെ ബഹുസ്വരതയെ എതിര്‍ക്കുന്നവരാണ്. അര്‍ത്തുങ്കല്‍ പള്ളി പൊളിച്ച് ശിവക്ഷേത്രം പണിയണമെന്ന് പറഞ്ഞവരും അവര്‍ തന്നെയാണ്.

ഇവര്‍ കൊടുത്ത ഹര്‍ജിയില്‍ പറയുന്നത് ശബരിമലയില്‍ യുവതി പ്രവേശമാകാം. അതായത് ഹിന്ദു യുവതികള്‍ പ്രവേശിക്കുന്നത് കുഴപ്പമില്ല. ക്രിസ്ത്യന്‍, മുസ്ലീം യുവതികള്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ്. ഇതിനു പിന്നില്‍ ശബരിമലയെ സംരക്ഷിക്കുകയെന്ന ഉദ്ദേശ്യമല്ലെന്ന് വ്യക്തമാണ്. അപര മത വിദ്വേഷമാണ്. ചില വ്യക്തികളാണ് ഇതിന് പിന്നില്‍.

അര്‍ത്തുങ്കല്‍ പള്ളി ഹിന്ദു ക്ഷേത്രമാണെന്ന് തങ്ങളാരും പറയുന്നില്ല. പക്ഷേ ശിവക്ഷേത്രമാണ് അര്‍ത്തുങ്കല്‍ പള്ളിയെന്ന് പറയുന്നത് അപരമത വിദ്വേഷമാണ്. ശബരിമലയുടെ ഏറ്റവും വലിയ പ്രത്യേക ബഹുസ്വരതയാണ്. ടി ജി മോഹന്‍ദാസ് കൊടുത്ത ഹര്‍ജിയെ തങ്ങള്‍ എതിര്‍ക്കും.

ശബരിമലയുടെ കാശ് എടുത്ത് ദേവസ്വം ബോര്‍ഡ് കോടതിയില്‍ അയ്യപ്പനെതിരെ വാദിക്കാന്‍ തുടങ്ങിയാല്‍ തീവ്ര നിലപാട് സ്വീകരിക്കും. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ കാണിക്ക ഇടരുതെന്ന ക്യാമ്പയിന്‍ നടത്തും. ശബരിമല ഹിന്ദു ക്ഷേത്രമാണ്. പക്ഷേ ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള ക്ഷേത്രമാണ്. അന്യമത വിദേഷ്വമാണ് വര്‍ഗീയ വാദം. സ്വസമുദായ സ്‌നേഹം എങ്ങനെയാണ് വര്‍ഗീയ വാദമായി മാറുന്നത്.

സിപിഎം ശബരിമലയില്‍ രാഷ്ട്രീയം കളിക്കുന്നു. നിങ്ങള്‍ പിണറായി വിജയന് ഒപ്പം അല്ലെങ്കില്‍ അമിത് ഷായുടെ കൂടെയന്ന് ചിത്രീകരിക്കുന്നതിനാണ് ശബരിമലയില്‍ സിപിഎം ശ്രമം.
സിപിഎം താത്പര്യങ്ങള്‍ നടപ്പാക്കാനുള്ള ഇടമല്ല ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ വര്‍ഗീയ, ജാതീയ കാര്‍ഡ് ഇറക്കുന്നതും സിപിഎമ്മാണ്. കേസ് അനുകൂലമായി വരാത്ത പക്ഷം ജെല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിന്‍സ് കൊണ്ടു വരണം. അതിനായി പ്രക്ഷോഭം നടത്തുമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!