നെയ്യാറ്റിന്‍കര കൊലപാതകം: അപകടമരണമാക്കാന്‍ ശ്രമം നടക്കുന്നതായി സനലിന്‍റെ ഭാര്യ

നെയ്യാറ്റിന്‍കര കൊലപാതകം അപകടമരണമാക്കാന്‍ ശ്രമം നടക്കുന്നതായി മരിച്ച സനലിന്റെ ഭാര്യ വിജി. ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തിയെങ്കിലും മൊഴിയെടുത്തില്ല. അന്വേഷണസംഘത്തില്‍ വിശ്വാസമില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും വിജി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിന്‍റെ കുടുംബം നിവേദനം നല്‍കിയിരുന്നു.

സർക്കാർ തലത്തില്‍ നടപടിയുണ്ടാവാത്തതിനാലാണ് കുടുംബം ഹൈക്കോടതിയിയെ സമീപിക്കുന്നത്.  ഇന്നലെ പ്രധാനപ്പെട്ട ഒരു സാക്ഷിയുടെ മൊഴി രേഖപ്പെടുത്താന്‍ എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ തടഞ്ഞിരുന്നു. ഈ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മറ്റൊരു അന്വേഷണ സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരെ തടഞ്ഞത്.

സനല്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് മക്കളോടൊപ്പം മരണം വരെ സമരം ചെയ്യുമെന്നും സനലിന്‍റെ ഭാര്യ വിജി നേരത്തേ പറഞ്ഞിരുന്നു. അറസ്റ്റ് ഇനിയും വൈകിയാൽ സെക്രട്ടറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്‍റെ സഹോദരിയും പറഞ്ഞു. പ്രതിയെ പിടികൂടുന്നതിനൊപ്പം കുടംബത്തിന് നഷ്ടപരിഹാരവും സനലിന്‍റെ ഭാര്യക്ക് ജോലിയും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു. അടുത്ത ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സനലിന്‍റെ ഭാര്യയും മക്കളും സത്യാഗ്രഹം തുടങ്ങാനാണ് പദ്ധതി.

error: Content is protected !!