പൊലീസ‌് ക്യാമ്പിനിടെ ഹാൾ തകർന്ന സംഭവം: അന്വേഷണം തുടങ്ങി

പൊലീസ‌് അസോസിയേഷൻ ജില്ലാ നേതൃപഠന ക്യാമ്പ‌് നടക്കുന്നതിനിടെ തോട്ടടയിലെ  സ്വകാര്യ റിസോർട്ടിന്റെ ഹാൾ തകർന്നുവീണ സംഭവത്തിൽ പൊലീസ‌് അന്വേഷണം ആരംഭിച്ചു‌. സ്ഥിരമായി വലിയ പരിപാടികൾ നടക്കുന്ന ഓപ്പൺ ഹാളിന്റെ മേൽക്കൂര കാറ്റുപോലുമില്ലാതെയാണ‌് തിങ്കളാഴ‌്ച പൊലീസുകാരുടെ ക്യാമ്പ‌് നടക്കുന്നതിനിടെ തകർന്നുവീണത‌്. 60 സിവിൽ പൊലീസ‌് ഓഫീസർമാർക്ക‌് പരിക്കേൽക്കുകയും ചെയ‌്തു. സംഭവം നടക്കുന്നതിന‌് തൊട്ടുമുമ്പ‌് രണ്ടുപേർ തൊട്ടടുത്ത കെട്ടിടത്തിന‌് മുകളിലുണ്ടായിരുന്നുവെന്നും  റിസോർട്ടിന്റെ മാനേജരോ മറ്റ‌് ജീവനക്കാരോ അപകടം നടന്ന സ്ഥലത്തേക്ക‌് വന്നില്ലെന്നും പരിക്കേറ്റവർ പറയുന്നു. മാനേജരുടെ പെരുമാറ്റത്തിലും അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും പറയുന്നു. സംഭവത്തിൽ എടക്കാട‌് പൊലീസ‌് കേസെടുത്ത‌് അന്വേഷണം തുടങ്ങി.
വിനോദസഞ്ചാരികൾക്കായുള്ള ഹോം സ‌്റ്റേകളുടെപേരിൽ വ്യാപകമാകുന്ന റിസോർട്ടുകളെക്കുറിച്ച‌് വിശദമായ അന്വേഷണം നടത്തുമെന്ന‌് കണ്ണൂർ ഡിവൈഎസ‌്പി  പി പി സദാനന്ദൻ പറഞ്ഞു. പല റിസോർട്ടുകളും ആവശ്യമായ ലൈസൻസുകളില്ലാതെയും തീരദേശ നിയമങ്ങൾ ലംഘിച്ചുമാണ‌് നിർമാണവും പ്രവർത്തനവുമെന്ന പരാതിയുണ്ട‌്. കണ്ണൂർ കോർപറേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട‌്.
കാലാകാലങ്ങളായി പൊലീസ‌് അസോസിയേഷൻ നേതൃപഠന ക്യാമ്പ‌് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ‌്  നടക്കുന്നത‌്.  പൊലീസ‌് വകുപ്പിന‌് കീഴിലുള്ള ഹാളുകൾ പരമാവധി ഒഴിവാക്കിയാണ‌് ഇത്തരം പ്രവർത്തനം  നടത്തുന്നത‌്. എടക്കാട‌് പൊലീസ‌് സ‌്റ്റേഷനിലെ ജീവനക്കാരുടെ സംഗമം കഴിഞ്ഞ ദിവസം തോട്ടട കടപ്പുറത്തെ  ഈ റിസോർട്ടിലായിരുന്നു.  അവിടത്തെ സൗകര്യം കണക്കിലെടുത്താണ‌് ദ്വിദിന നേതൃ പഠനക്യാമ്പും ഈ റിസോർട്ടിൽ നടത്താൻ തീരുമാനിച്ചതെന്ന‌് പൊലീസ‌് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.    അപകടത്തിൽ സാരമായി പരിക്കേറ്റ തളിപ്പറമ്പ‌് സ‌്റ്റേഷനിലെ  ഇ കെ രാജേഷിന‌ും കണ്ണൂർ ട്രാഫിക‌് സ‌്റ്റേഷനിലെ ഷീലക്കും മംഗളൂരുവിലെ സ്വകാര്യആശുപത്രിയിൽ  ശസ‌്ത്രക്രിയ നടത്തി. തലശേരി ട്രാഫിക‌് സ‌്റ്റേഷനിലെ ജിതിനും  മംഗളൂരുവിൽ ചികിത്സയിലാണ‌്.
 പരിക്കേറ്റ‌് കണ്ണുരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ   ഭൂരിപക്ഷവും ആശുപത്രി വിട്ടു. എ കെജി ആശുപത്രിയിൽ നാലുപേരും കൊയിലി ആശുപത്രിയിൽ മൂന്നു പേരുമാണ‌് ചികിത്സയിലുള്ളത‌്.  അപകടം നടന്ന സ്ഥലവും  പരിക്കേറ്റവരെ പ്രവേശിപ്പിച്ച   ആശുപത്രിയും  മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും സി രവീന്ദ്രനാഥും  പി കെ ശ്രീമതി എംപിയടക്കമുള്ള ജനപ്രതിനിധികളും മറ്റു നേതാക്കളും  കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
error: Content is protected !!