ബന്ധുനിയമനവിവാദം: ആത്മാഭിമാനം ഉണ്ടെങ്കില്‍ ജലീല്‍ രാജി വയ്ക്കണമെന്ന്‍ പി.കെ ഫിറോസ്

ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ സംവാദത്തിന് തയ്യാറാകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ജലീലിന്റെ എല്ലാ വാദവും പൊളിഞ്ഞുവെന്നും പി.കെ ഫിറോസ് പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് ഇന്നലെ ബന്ധു അദീബ് രാജിവച്ചിരുന്നു. അദീബ് പറഞ്ഞ ആത്മാഭിമാനം അല്‍പമെങ്കിലും ഉണ്ടെങ്കില്‍ ജലീല്‍ രാജി വയ്ക്കണമെന്നും രാജി വെക്കും വരെ ജലീലിന് എതിരെ സമരം തുടരുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

ഭീരു ആയി ഒളിച്ചോടാതെ മന്ത്രി സംവാദത്തിനു തയ്യാറാകണം. ജലീലിന് വേണ്ടി പിണറായിയോ കോടിയേരിയോ വന്നാലും സംവാദത്തിനു തയ്യാർ. പൊതു പരിപാടികളിൽ ജലീലിന് പങ്കെടുക്കാൻ കഴിയാത്ത രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫിറോസ് വ്യക്തമാക്കി.

ഷെഡ്യൂൾഡ് ബാങ്ക് ഉദ്യോഗസ്ഥൻ ആയ അദീബിനെ നിയമിച്ചതിൽ തെറ്റില്ല എന്ന മന്ത്രിയുടെ വാദം തെറ്റാണ്. ഷെഡ്യൂൾഡ് ബാങ്കുകൾ സ്റ്റാറ്റിയൂട്ടറി പദവി വഹിക്കുന്നില്ല എന്ന് നേരത്തെ സുപ്രീം കോടതി പരാമർശമുണ്ട്. സാഗർ തോമസ് / ഫെഡറൽ ബാങ്ക് കേസിൽ ഇത് വ്യക്തമായി പറയുന്നുണ്ട്. അദീബ് ഇതിനോടകം 56000 രൂപ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ട്. ജലീൽ ഇടപെട്ട് തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയെന്നും ഫിറോസ് ആരോപിച്ചു.

error: Content is protected !!