‘ആർഎസ്എസിന്‍റേത് പിന്തിരിപ്പൻ നിലപാട്’; നാടിന്‍റെ മുന്നോട്ടുപോക്കിനെ തടയാന്‍ ആര്‍ക്കുമാകില്ലെന്ന് പിണറായി

നാടിന്‍റെ മുന്നോട്ട് പോക്കിനെ തടയാന്‍ ആര്‍ക്കുമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് എല്ലാകാലത്തും പിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മതനിരപേക്ഷ നിലപാട് ഇതിനെയെല്ലാം തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു. സർവകക്ഷി യോഗം നാളെ നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ശബരിമല പ്രശ്നത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചർച്ചയും നാളെ നടക്കും. യുവതീപ്രവേശന വിധിക്ക് സ്റ്റേയില്ലെന്ന് വീണ്ടും സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ വിധി നടപ്പാക്കാതെ സര്‍ക്കാരിന് മുന്നില്‍ വേറെ വഴിയില്ല. സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്നോട്ട് പോകാനിടയില്ല. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് തീരുമാനം.

യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന സുപ്രീം കോടതി വിധി ശബരിമല ഉന്നതതലയോഗത്തിൽ മൂന്ന് തവണയാണ് മുഖ്യമന്ത്രി വായിച്ചത്. പന്ത് സർക്കാറിന്‍റെ കോർട്ടിലാണെങ്കിലും വിധി നടപ്പാക്കാനുള്ള ബാധ്യതയിൽ നിന്നും സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന സന്ദേശമാണ് പിണറായി വിജയൻ നൽകിയത്.

അതേസമയം പുന:പരിശോധനാ ഹർജികൾ കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തിൽ പ്രതിഷേധം കനക്കാനിടയുണ്ടെന്ന വിലയിരുത്തലും സർക്കാരിന് മുന്നിലുണ്ട്. ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പഴി ഒഴിവാക്കാനാണ് സർവ്വകക്ഷിയോഗം. തന്ത്രി-പന്തളം കുടുംബങ്ങളുമായി സർവ്വകക്ഷിയോഗത്തിന് ശേഷം ചർച്ച നടത്തും. എൻഎസ്എസിനെ ചർച്ചക്ക് എത്തിക്കാൻ ശ്രമമുണ്ടായിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് സൂചന. മണ്ഡല മകര വിളക്ക് കാലവും ശബരിമല പ്രതിരോധിക്കുമെന്ന് ചില സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ രണ്ട് മാസത്തോളം നീളുന്ന തീർത്ഥാടന കാലമാണ് സർക്കാറിനും പ്രതിഷേധക്കാർക്കും മുന്നിലെ വെല്ലുവിളി.

error: Content is protected !!