ശബരിമലയിലെ പൊലീസ് സാന്നിധ്യം: ദുഖ:കരമെന്ന് പന്തളം കൊട്ടാരം പ്രതിനിധിക

ശബരിമലയിലെ പൊലീസ് സാന്നിധ്യം ദുഖ:കരമെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍. പൊലീസ് സാന്നിധ്യത്തില്‍ ദര്‍ശനം നടത്തേണ്ടി വരുന്നത് വേദനാജനകമാണെന്നും കൊട്ടാരം പ്രതിനിധികള്‍ അറിയിച്ചു. ഇത് തീര്‍ത്ഥാടനത്തെ മോശമായി ബാധിക്കും. സ്ത്രീകള്‍ മല കയറിയാല്‍ നട അടക്കണോ വേണ്ടയോ എന്ന് ശബരിമലതന്ത്രി തീരുമാനിക്കും. അതേസമയം, നാളെ വൈകിട്ട് കൊട്ടാരത്തില്‍ കോടതിവിധിക്കെതിരെ പ്രാര്‍ത്ഥനായജ്ഞം നടത്തുമെന്നും കൊട്ടാരം പ്രതിനിധികള്‍ അറിയിച്ചു.

ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമല സന്നിധാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നിലവില്‍ വന്നു. സന്നിധാനം, പമ്പ, നിലക്കല്‍ , ഇലവുങ്കല്‍ എന്നീ നാല് സ്ഥലങ്ങളിലാണ് ആറാം തിയ്യതി അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയ്ക്ക് കീഴിലാണ് പ്രദേശം.

എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ 1200 ഓളം സുരക്ഷാംഗങ്ങളെയാണ് സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത്. യുവതി പ്രവേശനം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍ കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നാണ് പൊലീസിന്റെ നിലപാട്. മാധ്യമ പ്രവര്‍ത്തകര്‍ക്കും അഞ്ചാം തിയ്യതി മാത്രമേ പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശനം അനുവദിക്കൂ.

error: Content is protected !!