സുപ്രിം കോടതിക്ക് നാല് പുതിയ ജഡ്ജിമാര്‍ കൂടി

നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രിം കോടതി ജഡ്ജിമാരാക്കി കേന്ദ്രം വിജ്ഞാപനമിറക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച സുപ്രിം കോടതി കൊളീജിയം അയച്ച ശിപാർശ വളരെ വേഗത്തിലാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്. കേരള ഹൈക്കോടതിയിലേക്ക് നാലു പുതിയ ജഡ്ജിമാരെയും നിയമിച്ചു.

ഒക്ടോബർ 30നാണ് നാല് ഹൈകോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രിം കോടതി ജഡ്ജിമാരാക്കാൻ സുപ്രിം കോടതി കൊളീജിയം ശിപാർശ ചെയ്തത്. മൂന്ന് ദിവസം കൊണ്ട് രാഷ്ട്രപതിയുടെ അംഗീകാരമായി. ഉടനടി തന്നെ നിയമ മന്ത്രാലയം വിജ്ഞാപനവും ഇറക്കി. കൊളീജിയം ശിപാർശയിൽ ഇത്ര വേഗത്തിൽ കേന്ദ്രം തീരുമാനമെടുക്കുന്നത് സമീപകാല ചരിത്രത്തിൽ ആദ്യം. ജസ്റ്റിസ് കെ.എം. ജോസഫിന്റെ അടക്കം ഒട്ടേറെ നിയമനങ്ങൾ മാസങ്ങൾ തടഞ്ഞുവച്ചിടത്താണ് കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ ഈ വേഗം. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ ഹേമന്ത് ഗുപ്ത, ത്രിപുരയിലെ അജയ് റസ്‌തോഗി, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.ആർ.ഷാ, ഗുജറാത്തിലെ ആർ.സുഭാഷ് റെഡ്‌ഡി എന്നിവരാണ് സ്ഥാനക്കയറ്റം ലഭിച്ച് സുപ്രിം കോടതിയിലേക്ക് എത്തുന്നത്.

ജുഡിഷ്യൽ നിയമനങ്ങളുടെ നടപടികൾക്ക് വേഗതയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് നേരെത്ത വിമർശിച്ചിരുന്നു. കേരള ഹൈക്കോ ടതിയിലേക്കും നാലു ജഡ്ജിമാരെ പുതുതായി നിയമിച്ചു. ജില്ലാ ജഡ്ജിമാരായ ടി.വി. അനിൽകുമാർ, എൻ. അനിൽകുമാർ, അഭിഭാഷകരായ വി.ജി. അരുൺ, എൻ. നഗരേഷ് എന്നിവർക്കാണ് നിയമനം. എന്നാല്‍‌ കൊളീജിയം ശിപാർശ ചെയ്ത പി.വി കുഞ്ഞികൃഷ്ണനെ ഇപ്പോള്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ അദ്ദേഹത്തിന്റെ പേര് ഇല്ല. കഴിഞ്ഞ മാസം 11നായിരുന്നു ഈ അഞ്ച് പേരുടെ ശിപാർശ കൊളീജിയം കേന്ദ്രത്തിനയച്ചത്.

error: Content is protected !!