കിട്ടാക്കടക്കാരുടെ പട്ടിക പുറത്തുവിട്ട് പൊതുമേഖലാ ബാങ്കുകള്‍

കിട്ടാക്കടക്കാരുടെ പട്ടിക പുറത്തുവിട്ട് നാല് പൊതുമേഖലാ ബാങ്കുകള്‍. നാല് ബാങ്കുകളിലുമായി ആകെ 42000 കോടി രൂപയുടെ തിരിച്ചടവ് മുടക്കിയ 1815 പേരുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളാണ് വായ്പ തിരിച്ചടക്കാത്തവരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ തട്ടിപ്പ് നടത്തിയത് പഞ്ചാബ് നാഷണല്‍ ബാങ്കിലാണ്. 1124 പേര്‍. ആകെ കിട്ടാക്കടം 23470 കോടി രൂപ. 7500 കോടിയാണ് വജ്ര വ്യാപാരി നീരവ് മോദി-മെഹുല്‍ ചോക്സി കമ്പനി നല്‍കാനുള്ളത്. വിജയ് മല്യയുടെ കിങ് ഫിഷര്‍ കമ്പനി കൊടുക്കാനുളളത് 600 കോടി. ജതിന്‍ മെഹ്തയുടെ വിന്‍സം ഡയമണ്ട് കമ്പനി നല്‍കാനുള്ളത് 1648 കോടിയും. എ.ഡി.ബി.ഐയെ പറ്റിച്ചത് 162 പേര്‍. കിട്ടാനുള്ളത് 11050 കോടി. ഇതില്‍ 696 കോടി കൊടുക്കാനുള്ളത് വിജയ് മല്യ. ബാങ്ക് ഓഫ് ബറോഡക്ക് 309 പേരില്‍ നിന്നായി കിട്ടാനുള്ളത് 6261 കോടി രൂപ. ഇവിടെയുമുണ്ട് മല്യയുടെ വക തട്ടിപ്പ്. 426 കോടി. സിന്‍ഡിക്കേറ്റ് ബാങ്കിന് 220 പേരില്‍ നിന്നായി 1159 കോടിയും കിട്ടാനുണ്ട്.

ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ, കാനറ ബാങ്കുകള്‍ കിട്ടാക്കടക്കാരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ആകെ 9500 പേരില്‍ നിന്നായി 1.30 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടമായി കിടക്കുന്നതെന്നാണ് ലോക്സഭയില്‍ വെച്ച കണക്കുകള്‍. ഇവരുടെ വിവരങ്ങള്‍ വിവരാകാശപ്രകാരം നല്‍കാത്തതിനെത്തുടര്‍ന്ന് ദേശീയ വിവരാവകമ്മിഷന്‍ ആര്‍.ബി.ഐക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും നോട്ടീസ് അയച്ചിട്ടുണ്ട്.

error: Content is protected !!