‘താലിബാന്‍റെ ഗോഡ്ഫാദര്‍’ മുല്ല സമി ഉൽ ഹഖ് പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു

താലിബാൻ തീവ്രവാദത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന മുല്ല സമി ഉൽ ഹഖ് പാകിസ്ഥാനിൽ റാവൽപ്പിണ്ടിയിൽ വെച്ച് വെടിയേറ്റ് മരിച്ചു. 82 വയസ്സായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിവന്ന സംഘം ഹഖിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

എന്നാൽ കൊലപാതകം എങ്ങനെ നടന്നു എന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്.  മരണത്തിൽ ദുരൂഹതയുള്ളതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടക്കുന്ന സമയത്ത് ഹക്കിന്‍റെ അംഗരക്ഷകനും ഡ്രൈവറും സ്ഥലത്തുണ്ടായിരുന്നില്ല. ഇതാണ് സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിലേക്ക് നയിക്കുന്നത്.

ഇസ്ലാമാബാദിലെ വീടിനുള്ളിൽ  സംഘമെത്തി കുത്തി പരിക്കേൽപ്പിച്ചതിനുശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന് ഹക്കിന്റെ മരുമകൻ മൊഹമ്മദ് ബിലാൽ റോയിട്ടേഴ്സിനോട് പറഞ്ഞു. ഹക്കിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഡിഎച്ച്ക്യു ആശുപത്രിയിലേക്ക് മാറ്റി.

വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ മതപാഠശാലകളിലൊന്നായ ദാറുൽ ഉലൂം ഹഖാനിയ മദ്രസ നടത്തിവരുകയായിരുന്നു ഹക്ക്.   തീവ്രനിലപാടുകൾ കൊണ്ട് ശ്രദ്ധ നേടിയ ജമിയത്ത് ഉലമ–ഇ–ഇസ്‌ലാം–സമി(ജെയുഐ–എസ്) പാർട്ടി നേതാവായിരുന്നു. 1985ലും 1991ലും പാകിസ്ഥാൻ സെനറ്റിൽ അംഗമായിരുന്നു സമി ഉൾഹക്ക്. പാകിസ്ഥാനിൽ ശരീഅത്ത് ബിൽ പാസാക്കുന്നതിൽ ഹക്ക് സുപ്രധാന പങ്കുവഹിച്ചിരുന്നു. പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള താലിബാന്‍ ഭീകരര്‍ക്കിടയില്‍ ഹക്കിന് വലിയ സ്വാധീനമുണ്ടായിരുന്നു. താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമര്‍ ഇദ്ദേഹത്തിന്‍റെ ശിഷ്യനായിരുന്നു.

അതേ സമയം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഹക്ക്  ധാരണയില്‍ എത്തിയിരുന്നുവെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

error: Content is protected !!