തൃപ്തി ദേശായിക്ക് സഞ്ചരിക്കാന്‍ വാഹനം നല്‍കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു; പിന്നീട് സംഭവിച്ചത്

ശബരിമല സന്ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറത്ത് കടക്കാനാവാതെ തിരിച്ച് പോകാനൊരുങ്ങുകയാണ്. തൃപ്തിയ്ക്ക് സഞ്ചരിക്കാന്‍ ടാക്സികാര്‍ വാഹനം വിട്ട് നല്‍കാത്തതോടെ പുറത്ത് കടക്കാനാവാതെ തൃപ്തി മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങി. എന്നാല്‍ തൃപ്തിയ്ക്ക് സഞ്ചരിക്കാന്‍ വാഹനം നല്‍കാമെന്ന് മുഖ്യമന്ത്രിയെയും ഡിജിപിയെയും അറിയിച്ചിട്ടും അക്കാര്യം ചെവികൊള്ളാതെ തന്നെ ഭയപ്പെടുത്തുകയാണ് ഭരണകൂടം ചെയ്തതെന്ന ആരോപണവുമായി സിപിഐ(എംഎല്‍) നേതാവ് എം.കെ. ദാസന്‍ രംഗത്തെത്തി.

ഫേസ്ബുക്കിലൂടെയാണ് ദാസന്‍ സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ച് രംഗത്തെത്തിയത്. ജനാധിപത്യ അവകാശങ്ങൾ ഉറപ്പാക്കുക സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആളുകളെ ഭയപ്പെടുത്തി മെരുക്കിയെടുക്കാനുള്ള ഫാസിസ്റ്റ് തന്ത്രങ്ങൾക്ക് സർക്കാർ വഴങ്ങരുത്. സമവായങ്ങളിലൂടെയും സംയമനങ്ങളില്ലടെയും സാമൂഹ്യ പരിഷ്കരണങ്ങൾ ഉണ്ടായിട്ടില്ല. പ്രതിലോമ പിന്തിരിപ്പൻ ശക്തികളെ തട്ടിമാറ്റിത്തന്നെയാണ് എക്കാലവും സാമൂഹ്യ മുന്നേറ്റം സാദ്ധ്യമായിട്ടുള്ളതെന്ന് ദാസന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുറത്തു കടക്കാൻ അനുവദിക്കാതെ സംഘ പരിവാർ തടഞ്ഞുവെച്ചിരിക്കുന്ന തൃപ്തി ദേശായിക്കും സുഹൃത്തുക്കൾക്കും യാത്ര ചെയ്യാൻ വാഹനം നൽകാൻ ടാക്സിക്കാർ തയ്യാറാകുന്നില്ല എന്ന വാർത്തയറിഞ്ഞയുടൻ പാർട്ടിയുടെ ഉത്തരവാദിത്വത്തിൽ വാഹനം ഏർപ്പാടാക്കിയിട്ട് വാഹനം വിട്ടു നൽകാൻ തയ്യാറാണെന്ന് അറിയിച്ച് രാവിലെ 10.29 നാണ് മുഖ്യമന്ത്രിക്ക് അടിയന്തര സന്ദേശമയച്ചത്.
തുടർന്ന് അതേ സന്ദേശം 10.48 ന് DGP ക്കും അയച്ചു.
ഒപ്പം മാധ്യമങ്ങൾക്കും വാർത്ത നൽകി.
പിന്നീട് നടന്നത് ഇതൊക്കെയാണ്,
വാഹനം വിട്ടു നൽകാനുള്ള സന്നദ്ധ അറിയിച്ചിട്ട് ഇതുവരെയും അത് സ്വീകരിക്കപ്പെട്ടില്ല. യുക്തമായ നടപടിയെടുക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവിക്ക് മെയിൽ കൈമാറിയതായി മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിൽ നിന്നും അറിയിപ്പ് ലഭിച്ചു. 2.54 PM ന് എറണാകുളം സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിൽ നിന്നും വിളിയെത്തി.DGP ഓഫീസിൽ നിന്നും ആവശ്യപ്പെട്ടതനുസരിച്ചാണ് വിളിക്കുന്നതെന്ന് അറിയിച്ച ഓഫീസർ ചോദിച്ചത് എവിടെയാണ് വാഹനം? എന്റെ വീട് എവിടെയാണ്? ഞാൻ ഇപ്പോൾ എവിടെയാണ്? എന്നീ കാര്യങ്ങളാണ്.

മൂന്ന് ചോദ്യങ്ങൾക്കും മറുപടി പറഞ്ഞ ഞാൻ തിരിച്ചു ചോദിച്ചത് വാഹനം എപ്പോൾ എത്തിക്കണമെന്നാണ്. അക്കാര്യം തീരുമാനിക്കേണ്ടത് റൂറൽ പോലീസാണ് എന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി.പിന്നീട് നാട്ടിലെ പോലീസ് സ്റ്റേഷനിൽ നിന്നു വിളി വന്നു. ചോദിച്ചത് ഞാൻ താമസിക്കുന്ന ഇടവും ഇപ്പോൾ എവിടെയാണെന്നും. പിന്നെയും സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും വിളികൾ വന്നുകൊണ്ടിരിക്കുന്നു .അവർ വാഹനം വേണോ വേണ്ടയോ എന്ന് പറയുന്നില്ല. അന്വേഷണം എന്നെക്കുറിച്ചു മാത്രം.

കുറച്ചു മുമ്പ് മറ്റൊരു ഫോൺ വിളി വന്നു. നെറ്റ് വഴിയാകും; അത് എന്റെ തന്നെ നമ്പറിൽ നിന്നുമാണ്.വളരെ സൗമ്യമായി സംസാരം തുടങ്ങി. വണ്ടിയെപ്പോൾ വരുമെന്ന ചോദ്യത്തിന് സർക്കാർ പറയട്ടെ, അപ്പോൾ എന്ന് പറഞ്ഞയുടൻ തെറി ജപം തുടങ്ങി. കൂടുതൽ കേൾക്കാതെ ശരിയെന്ന് പറഞ്ഞ് കട്ടു ചെയ്തു. വീണ്ടും ആവർത്തിക്കുകയാണ്, ജനാധിപത്യ അവകാശങ്ങൾ ഉറപ്പാക്കുക സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആളുകളെ ഭയപ്പെടുത്തി മെരുക്കിയെടുക്കാനുള്ള ഫാസിസ്റ്റ് തന്ത്രങ്ങൾക്ക് സർക്കാർ വഴങ്ങരുത്. സമവായങ്ങളിലൂടെയും സംയമനങ്ങളില്ലടെയും സാമൂഹ്യ പരിഷ്കരണങ്ങൾ ഉണ്ടായിട്ടില്ല. പ്രതിലോമ പിന്തിരിപ്പൻ ശക്തികളെ തട്ടിമാറ്റിത്തന്നെയാണ് എക്കാലവും സാമൂഹ്യ മുന്നേറ്റം സാദ്ധ്യമായിട്ടുള്ളത്.

error: Content is protected !!