ശബരിമല: നിലപാട് വ്യക്തമാക്കി അട്ടപ്പാടിയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

അട്ടപ്പാടി മേഖലയില്‍ ശബരിമല യുവതീ പ്രവേശന വിഷയത്തിലെ മാവോയിസ്റ്റ് നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അഞ്ച് തരം പോസ്റ്ററുകളാണ് അട്ടപ്പാടി ചുരം മേഖലയിലെ ആനമൂളി ഭാഗത്ത് പ്രത്യക്ഷപ്പെട്ടത്. ആനമൂളി ചെക്ക് പോസ്റ്റിന് സമീപത്തായാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

ഭവാനി ദളത്തിന്റെ പേരിലുള്ള പോസ്റ്ററുകള്‍ ഇന്ന് രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നില്‍ക്കുന്ന ഹിന്ദു ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, പുരുഷാധിപത്യത്തെ പോരാടി ജയിക്കുക, സ്ത്രീവിമോചനം സാധ്യമാക്കുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

എന്നാല്‍ പോസ്റ്റര്‍ പതിച്ചത് ആരാണെന്ന് വ്യക്തമല്ല. സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, ചിത്തിര ആട്ടവിശേഷത്തിനായി അഞ്ചാം തീയതി ശബരിമല നട തുറക്കാനിരിക്കെ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ മുതല്‍ തന്നെ ശബരിമലയില്‍ 5000 പൊലീസുകാരെ നിയോഗിക്കും.

എന്നാല്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാന്‍ പ്രതിഷേധക്കാരും രംഗത്തിറങ്ങുന്നതോടെ വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടാകുമെന്ന ഭീഷണിയുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് പഴുതടച്ച സുരക്ഷയായിരിക്കും പൊലീസ് ഒരുക്കുക. ആവശ്യമെങ്കില്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

error: Content is protected !!