കെഎസ്ആര്‍ടിസി ക്രമീകരണം; നട അടക്കുന്നതിന് 3 മണിക്കൂര്‍ മുന്‍പ് നിലക്കലില്‍ നിന്ന് സര്‍വീസ് നിര്‍ത്തും

ശബരിമലയിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് കെഎസ്ആര്‍ടിസി സര്‍വ്വീസുകളില്‍ ക്രമീകരണം നടത്തി. നട അടക്കുന്നതിന് 3 മണിക്കൂര്‍ മുന്‍പ് നിലക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചു. നട തുറക്കുന്നതിന് 3 മണിക്കൂര്‍ മുന്‍പ് സര്‍വീസ് പുനരാരംഭിക്കുമെന്നും അറിയിപ്പിലുണ്ട്. അതേസമയം സന്നിധാനത്ത് മുറികള്‍ വാടകയ്ക്ക് നല്‍കിത്തുടങ്ങി.

അതേസമയം ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതല്‍ തടവിന്‍റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ശബരിമല പരിസരത്ത് സംഘര്‍ഷ സാധ്യത നേരത്തെ ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും മറ്റൊരാളെയും കസ്റ്റഡിലെടുത്തിരുന്നു. കരുതല്‍ തടങ്കല്‍ എന്നാണ് പൊലീസിന്‍റെ വിശദീകരണം.

നേരത്തെ ശബരിമല പരിസരത്ത് രണ്ട് തവണ സംഘര്‍ഷാവസ്ഥയുണ്ടായപ്പോഴും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്ന് ശബരിമല കയറാന്‍ വരുമ്പോള്‍ പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അക്രമം ഉണ്ടാക്കാന്‍ സാധ്യതയുള്ളവരെ കരുതല്‍ തടങ്കലിലാക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് നടപടി. ഇയാളെ ശബരിമല പരിസരത്ത് നിന്ന് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണ സംഘര്‍ഷമുണ്ടാക്കിയവരെ കര്‍ശനമായി തടയുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

error: Content is protected !!