എറണാകുളം മേത്താനത്ത് ബെഡ് കമ്പനിയ്ക്ക് തീ പിടിച്ചു; തീയണക്കാൻ ശ്രമം

എറണാകുളം ഏലൂരിടുത്തുള്ള മേത്താനത്ത് ബെഡ് കമ്പനിയ്ക്ക് തീ പിടിച്ചു. വൈകിട്ട് അഞ്ചേമുക്കാലോടെയാണ് ബെഡ് കമ്പനിയിൽ തീ പടർന്നത്. ആർക്കും പരിക്കോ പൊള്ളലോ ഏറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ആലുവ, എറണാകുളം ഫയർസ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഫയർഫോഴ്സിന്‍റെ അ‌ഞ്ച് യൂണിറ്റാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കെട്ടിടം പൂർണമായും കത്തി നശിച്ചു.

രണ്ട് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. തീപിടിത്തം നടന്ന കോമ്പൗണ്ടിൽ ഉണ്ടായിരുന്ന ആളുകളെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. ഇന്ന് ഹർത്താലായതിനാൽ കമ്പനിയിൽ ജോലിക്കാരുണ്ടായിരുന്നില്ല. പിന്നീട് വൈകിട്ട്, അഞ്ചേമുക്കാലോടെ ലോഡ് ഇറക്കാൻ ലോറി എത്തിയതിന് ശേഷമാണ് തീ പിടിത്തമുണ്ടായത്. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

മുകളിലത്തെ നിലയിലെ തീ അണച്ചു. എന്നാൽ താഴത്തെ നിലയിൽ ഇപ്പോഴും തീ ഉണ്ട്. ഷട്ടറുകൾ അടഞ്ഞ് കിടക്കുന്നതിനാൽ തീയണക്കാൻ ബുദ്ധിമുട്ടുണ്ട്. ജനവാസമേഖലയായതിനാൽ എത്രയും പെട്ടെന്ന് തീയണക്കാനുള്ള ശ്രമത്തിലാണ് പൊലീസും ഫയർഫോഴ്സും.

 

error: Content is protected !!