പി.കെ.ശശിയ്ക്കെതിരായ അന്വേഷണറിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് കേന്ദ്രനേതൃത്വം

ഷൊറണൂർ എംഎൽഎ പി.കെ.ശശിയ്ക്കെതിരായ ലൈംഗികപീഡനപരാതിയിൽ അന്വേഷണം പൂർത്തിയായെന്ന് സിപിഎം കേന്ദ്രനേതൃത്വം. അന്വേഷണറിപ്പോർട്ട് ഉടൻ സമർപ്പിയ്ക്കും. അടുത്ത സംസ്ഥാനസമിതി റിപ്പോർട്ട് പരിഗണിക്കും. പുതിയ പരാതി ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും കേന്ദ്രനേതാക്കൾ വ്യക്തമാക്കി. അതേസമയം, പരാതിക്കാരി കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ക്ഷുഭിതനായാണ് അന്വേഷണകമ്മീഷനംഗം എ.കെ.ബാലൻ പ്രതികരിച്ചത്.
അന്തിമറിപ്പോർട്ട് പാർട്ടിയ്ക്ക് ഉടൻ നൽകുമെന്ന് എ.കെ.ബാലൻ പറഞ്ഞു. സാധാരണ എല്ലാ അന്വേഷണകമ്മീഷനുകളും രണ്ടര മാസത്തോളമെടുത്താണ് റിപ്പോർട്ട് നൽകാറ്. പരാതിക്കാരി സിപിഎം കേന്ദ്രനേതൃത്വത്തിന് പുതിയ പരാതി നൽകിയ കാര്യം അറിയില്ലെന്നും എ.കെ.ബാലൻ പാലക്കാട്ട് പറഞ്ഞു. പരാതിയുടെ പകർപ്പുണ്ടെന്ന് മാധ്യമപ്രവർത്തകർ എ.കെ.ബാലനോട് പറഞ്ഞപ്പോൾ അദ്ദേഹം ക്ഷുഭിതനായി. ‘എവിടെ? പരാതിയെവിടെ?’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. പരാതിയുടെ പകർപ്പ് കാണിച്ചപ്പോൾ ‘ഇതിൽ പരാതിക്കാരിയുടെ പേരെവിടെ’ എന്നായി മറുചോദ്യം.
ലൈംഗികപീഡനപരാതിയിൽ പരാതിക്കാരിയുടെ പേര് എങ്ങനെ എഴുതുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ ബാലൻ തയ്യാറായില്ല. പകരം, മേൽവിലാസമില്ലാത്ത പരാതിയ്ക്ക് മറുപടി നൽകാനില്ലെന്നായിരുന്നു പ്രതികരണം. യഥാർഥ പരാതിയും കൊണ്ടുവന്നാൽ പ്രതികരിക്കുമെന്നും ബാലൻ പറഞ്ഞു.
error: Content is protected !!