ശബരിമല ദർശനത്തിന് തയാറായ യുവതികള്‍ക്കൊപ്പമെത്തിയ യുവാവിന്‍റെ ജോലി സ്ഥലത്തേക്ക് പ്രതിഷേധം

ശബരിമല ദർശനത്തിന് തയ്യാറായി കൊച്ചിയിൽ പത്രസമ്മേളനം നടത്തിയ യുവതികൾക്കൊപ്പം ഉണ്ടായിരുന്ന യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സംഘപരിവാറിന്‍റെ നാമജപ പ്രതിഷേധം. ഗുരുവായൂരിലെ ഒരു ബ്യൂട്ടി പാർലറിലെ ജോലിക്കാരനാണ് യുവാവ്. യുവാവിന്‍റെ കുടുംബവും ഈ കെട്ടിടത്തിൽ താമസിക്കുന്നുണ്ട്. ഇവിടേക്കാണ് സംഘപരിവാറിന്‍റെ നാമജപ പ്രതിഷേധം ഇപ്പോള്‍ നടക്കുന്നത്.

പൊലീസ് സംരക്ഷണം ഉറപ്പാക്കിയാൽ ശബരിമല ദർശനത്തിന് തയാറാണെന്നറിയിച്ചാണ് യുവതികള്‍ കൊച്ചിയില്‍ വാർത്താ സമ്മേളനം നടത്തിയത്. എന്നാല്‍ യുവതികളെയും കൊച്ചിയിൽ നാമ ജപക്കാർ ഉപരോധിച്ചു. ഒടുവിൽ പൊലീസ് സംരക്ഷണയിലാണ് ഇവരെ പ്രസ് ക്ലബിന് പുറത്തെത്തിച്ചത്.

പ്രതിഷേധത്തെത്തുടർന്ന് ശബരിമല ദർശനത്തിൽ നിന്ന് നേരത്തെ പിൻമാറിയ കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂർ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വി എസും കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയത്. എറണാകുളം പ്രസ് ക്ലബിൽ ഇവർ എത്തുന്നതറിഞ്ഞ് നാമ ജപവുമായി പ്രതിഷേധക്കാരുമെത്തി.

സുപ്രീം കോടതി വിധി വന്നതുമുതൽ സന്നിധാനത്തേക്ക് പോകാൻ വ്രതം അനുഷ്ടിക്കുകയാണെന്ന് യുവതികൾ അവകാശപ്പെട്ടു. എന്നാൽ കടുത്ത ഭീഷണിയുണ്ട്. പൊലീസ് ആവശ്യമായ സംരക്ഷണം ഉറപ്പാക്കിയാൽ ഈ മണ്ഡലകാലത്തുതന്നെ ശബരിമലയ്ക്ക് പോകും എന്നും യുവതികള്‍ പറഞ്ഞു.

ഇതിനിടെ പ്രസ് ക്ലബിന് പുറത്ത് നാമജപവുമായി പ്രതിഷേധക്കാരുടെ എണ്ണം ഏറിവന്നു. കൂടുതൽ പൊലീസുമെത്തി. ഒടുവിൽ പൊലീസ് സംരക്ഷണയിലാണ് യുവതികളെ വാർത്താസമ്മേളനം കഴിഞ്ഞ് പുറത്തെത്തിച്ചത്

error: Content is protected !!