യുവാവിന്റെ മരണം: പ്രതിയായ ഡി.വൈ.എസ്.പിക്കെതിരെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടി എടുത്തില്ല

നെയ്യാറ്റിന്‍കരയിലെ യുവാവിന്റെ മരണത്തില്‍ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഡി.ജി.പി നടപടി എടുത്തില്ല. ഹരികുമാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ വഴിവിട്ടതാണെന്ന് കാണിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ വര്‍ഷം ഏപ്രിലില്‍ ഡി.വൈ.എസ്.പി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം സംഭവത്തിൽ ഡിവൈഎസ്പി ഹരികുമാറിനായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

ഹരികുമാറിന്‍റെ രണ്ട് മൊബൈൽ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്. ഒളിവിൽ പോയ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനൽ കുമാറിന്‍റെ മൃതദേഹവുമായി നാട്ടുകാർ മൂന്ന് മണിക്കൂർ നേരം ഇന്നലെ ദേശീയ പാത ഉപരോധിച്ചിരുന്നു.

കൊടങ്ങാവിളയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനൽകുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു.

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ ഡിവെെഎസ്പിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.

error: Content is protected !!