‘അതെന്താ പക്ഷി കാഷ്ഠമാണോ’; മോദിയെ പരിഹസിച്ച് വീണ്ടും കോൺ‌​ഗ്രസ് നേതാവ് ദിവ്യ സ്പന്ദന

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യാ സ്പന്ദന വീണ്ടും രം​ഗത്ത്. സർദാർ വല്ലഭായ് പട്ടേൽ പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ നില്‍ക്കുന്ന മോദിയുടെ ചിത്രത്തെ പരിഹസിച്ചാണ് ദിവ്യയുടെ ട്വീറ്റ്. ‘അതെന്താ പക്ഷി കാഷ്ഠമാണോ’ എന്ന അടിക്കുറിപ്പോടുകൂടിയാണ് ദിവ്യ ചിത്രം പങ്കുവച്ചത്.

ദിവ്യയുടെ ട്വീറ്റിനെതിരെ പ്രതിഷേധിച്ച് ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രം​ഗത്തെത്തി. കോണ്‍ഗ്രസിന്റെ മൂല്യം തകരുകയാണെന്ന് രാഹുലിനെതിരെ പരോക്ഷമായി ബിജെപി പ്രതികരിച്ചു. ദിവ്യാ സ്പന്ദനയ്ക്കെതിരെ കോൺ​ഗ്രസ്സിൽനിന്നും എതിർപ്പ് ശക്തമാകുന്നുണ്ട്. പ്രധാനമന്ത്രിക്കെതിരെ ഉപയോ​ഗിച്ച വാക്കുകൾ ഒരിക്കലും അം​ഗീകരിക്കാൻ കഴിയുന്നതല്ലെന്ന് കോൺ​ഗ്രസ് വ്യക്തമാക്കി.

എന്നാൽ പാർട്ടിയിൽനിന്നും തനിക്കതിരെ ഉയരുന്ന വിമർശനങ്ങളൊന്നും വകവയ്ക്കുന്നില്ലെന്ന നിലപാടിലാണ് ദിവ്യ. തന്റെ കാഴ്ച്ചപ്പാടുകൾ തന്റേത് മാത്രമാണെന്നും, ചെയ്ത പ്രവൃത്തിയെ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിനുള്ള വിശദീകരണം ആരും അര്‍ഹിക്കുന്നില്ലെന്നും ദിവ്യ പ്രതികരിച്ചു.

ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചതിനെതിരെ ദിവ്യയ്ക്ക് വിമര്‍ശനം നേരിടേണ്ടി വരുന്നത്. നേരത്തെ മോദിയെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യയ്‌ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തത്. ഇതിന് പുറമെ മോദിയെ കള്ളനെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു.

error: Content is protected !!