നാളികേര സമ്പത്ത് വര്‍ധിപ്പിക്കാന്‍ ദീര്‍ഘകാല പദ്ധതി

കേരളത്തിന്‍റെ നാളികേര ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ സമഗ്ര പദ്ധതിക്ക് രൂപം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഓരോ വര്‍ഷവും 15 ലക്ഷം നല്ലയിനം തെങ്ങിന്‍ തൈകള്‍ നടാനും പത്തുവര്‍ഷം ഈ പദ്ധതി തുടരാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഓരോ വാര്‍ഡിലും ഒരു വര്‍ഷം 75 വീതം തെങ്ങിന്‍ തൈ നടണം. ഇതിനാവശ്യമായ തൈകള്‍ കൃഷിവകുപ്പും (ആറ് ലക്ഷം) കാര്‍ഷിക സര്‍വ്വകലാശാലയും (മൂന്നു ലക്ഷം) നാളികേര വികസന കോര്‍പ്പറേഷനും (മൂന്നു ലക്ഷം) കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രവും (മൂന്നു ലക്ഷം) ഓരോ വര്‍ഷവും ലഭ്യമാക്കണം.

ഉല്‍പാദിപ്പിക്കുന്ന തെങ്ങിന്‍തൈകള്‍ കൃഷിക്കാര്‍ക്കും വീട്ടുകാര്‍ക്കും എത്തിക്കുന്നതിനും പദ്ധതിയുടെ മേല്‍നോട്ടത്തിനും കൃഷിവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജനങ്ങളില്‍ ഇതു സംബന്ധിച്ച് അവബോധമുണ്ടാക്കാന്‍ വ്യാപകമായ പ്രചാരണം നടത്തണം. നാളികേരത്തില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് വ്യവസായ വകുപ്പ് പദ്ധതി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാളികേര വികസന ബോര്‍ഡിന്‍റെ 2017-ലെ റിപ്പോര്‍ട്ട് പ്രകാരം 1950-51 ല്‍ ഇന്ത്യയുടെ നാളികേര ഉല്‍പാദനത്തിന്‍റെ 62 ശതമാനം കേരളത്തില്‍ നിന്നായിരുന്നു. 1980-81 ല്‍ അത് 51 ശതമാനമായും 2016-17 ല്‍ 31 ശതമാനമായും കുറഞ്ഞു. ഉല്‍പാദനക്ഷമതയിലും കേരളം പിറകോട്ടു പോയി. ഉല്‍പാദനക്ഷമതയില്‍ കേരളം ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. കൃഷിസ്ഥലത്തിന്‍റെ വിസ്തൃതിയും ഗണ്യമായി കുറഞ്ഞു. ഇപ്പോള്‍ 7.81 ലക്ഷം ഹെക്ടറിലാണ് തെങ്ങ് കൃഷിയുളളത്.

ശാസ്ത്രീയവും മെച്ചപ്പെട്ടതുമായ പരിചരണ മാര്‍ഗ്ഗങ്ങളുടെ അഭാവം, ലാഭകരമല്ലാത്ത കൃഷി, ഗുണമേډയുളള നടീല്‍ വസ്തുക്കളുടെ അഭാവം, കാറ്റുവീഴ്ച ഉള്‍പ്പെടെയുളള രോഗങ്ങള്‍, ഉയര്‍ന്ന കൃഷിച്ചെലവും തെങ്ങുകയറ്റത്തൊഴിലാളികളുടെ ദൗര്‍ലഭ്യവും എന്നിവയാണ് ഉല്‍പാദനക്ഷമത കുറയുന്നതിന് പ്രധാന കാരണങ്ങളായി നാളികേര വികസന ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നത്.

യോഗത്തില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആസുത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ. രാമചന്ദ്രന്‍, ആസുത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, കൃഷി വകുപ്പ് ഡയറക്ടര്‍ പി.കെ. ജയശ്രീ എന്നിവരും കാര്‍ഷിക സര്‍വ്വകലാശാല, നാളികേര വികസന ബോര്‍ഡ്, തോട്ടവിള ഗവേഷണ കേന്ദ്രം എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.

error: Content is protected !!