രഥയാത്രയോടെ കേരളം ബി.ജെ.പിക്ക് വഴങ്ങുന്ന മണ്ണായി മാറും: പി.എസ്.ശ്രീധരന്‍ പിള്ള

ശബരിമല സ്ത്രീ പ്രവേശനത്തെ മുന്‍നിര്‍ത്തി എന്‍ഡിഎ നടത്തുന്ന രഥയാത്ര കാസര്‍കോട് ജില്ലയിലെ മധൂരില്‍ സിദ്ധിവിനായ ക്ഷേത്ര പരിസരത്ത് കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം സിപിഎമ്മിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള തുടങ്ങിയത്.  രഥയാത്രയോടെ കേരളം ബിജെപിക്ക് വഴങ്ങുന്ന മണ്ണായി മാറുമെന്നും ശ്രീധരന്‍ പിള്ള കാസര്‍ഗോഡ് പറഞ്ഞു. ഇത് ധര്‍മ്മയുദ്ധമാണെന്നും വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഈ യുദ്ധത്തില്‍ ഹിന്ദുക്കള്‍ മാത്രമല്ല കേരളത്തിലെ എല്ലാ മതവിശ്വാസികളും ഒപ്പമുണ്ടെന്നും പി.എസ്.ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.

ശബരിമല പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിമുന്‍നിര്‍ത്തി എന്‍.ഡി.എ നടത്തുന്ന രഥയാത്രയക്ക് തുടക്കം കുറിച്ച് കാസര്‍കോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള. തന്റെ പേരില്‍ ഏഴ് കേസുകള്‍ ഇതുവരെ എടുത്തിട്ടുണ്ട്. എറണാകുളത്ത് സി.പി.ഐ.എം പ്രവര്‍ത്തകനും കോഴിക്കോട് വീക്ഷണം റിപ്പോര്‍ട്ടറുമാണ് തനിക്കെതിരെ കേസ് കൊടുത്തത്. സി.പി.ഐ.എമ്മും കോണ്‍ഗ്രസും തനിക്കെതിരെ കേസ് കൊടുത്ത് നടക്കുകയാണ്. സി.പി.ഐ.എം ആര്‍ക്കെങ്കിലും മാപ്പെഴുതി തന്നിട്ടുണ്ടെങ്കില്‍ അത് എനിക്ക് മാത്രമാണെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.

കാപട്യമേ നിന്റെ പേരോ പിണറായി വിജയന്‍ എന്ന് ഞാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ചോദിക്കാനാഗ്രഹിക്കുന്നെന്നും പി.എസ്.ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. എനിക്കെതിരെ കേസ് കൊടുത്തവര്‍ക്കെതിരെ താന്‍ വെറുതേയിരിക്കില്ലെന്നും തനിക്ക് എന്താണ് ചെയ്യേണ്ടതെന്നറിയാമെന്നും പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. യുവമോര്‍ച്ച യോഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ മാറ്റമില്ലെന്നും ഇനിയും പറയുമെന്നും പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

error: Content is protected !!