അയ്യപ്പ ഭക്തന്‍റെ നെഞ്ചില്‍ പൊലീസ് ചവിട്ടുന്ന വ്യാജ ചിത്രം; പ്രതി അറസ്റ്റിലായിട്ടും ബിജെപി ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നു

ശബരിമലയില്‍ യുവതികളെ കയറ്റില്ലെന്ന് പ്രഖ്യാപിച്ച് നടത്തിയ സമരത്തിനിടെ നിരവധി വ്യാജ ചിത്രങ്ങളും പ്രചരിച്ചിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവുമധികം ശ്രദ്ധനേടിയത് ഇരുമുടിക്കെട്ട് തലയിലേന്തിയ അയ്യപ്പഭക്തന്‍റെ നെഞ്ചില്‍ പൊലീസ് ചവിട്ടുന്ന ചിത്രമായിരുന്നു. ചിലയിടങ്ങളില്‍ ഇതേ ഭക്തന്‍റെ കഴുത്തില്‍ അരിവാള്‍ ചേര്‍ത്ത് നിര്‍ത്തിയ ചിത്രവും പ്രചരിച്ചിരുന്നു.

പൊലീസിന്‍റെ കൊടുംക്രൂരതയെന്ന നിലയില്‍ പ്രചരിച്ച ചിത്രം പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ ഫോട്ടോഷൂട്ട് ബുദ്ധിയില്‍ വിരിഞ്ഞ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം നിയമത്തിന് മുന്നില്‍ വന്നു. വ്യാജ ചിത്രം ഫോട്ടോഷൂട്ട് നടത്തി പ്രചരിപ്പിച്ചതിന് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് ആര്‍ കുറുപ്പ് അറസ്റ്റിലായിട്ടും അതേ ചിത്രം ദേശീയ തലത്തില്‍ പ്രചരിപ്പിക്കുകയാണ് ബിജെപി.

ദേശീയതലത്തിൽ സേവ് ശബരിമല എന്ന കാമ്പയിനുമായി രംഗത്തെത്തിയ ബിജെപി ഇതിന്‍റെ കവര്‍ ചിത്രമായി ഉപയോഗിക്കുന്നത് തന്നെ വ്യാജചിത്രമാണ്. ബിജെപിയുടെഡല്‍ഹി വക്താവ് തജീന്ദർപാൽ സിംഗ് ബഗ്ഗ തന്നെ ചിത്രം ട്വിറ്ററിലൂടെ പ്രചരിക്കുകയാണ്. ഇന്നലെ നടന്ന സേവ് ശബരിമല പരിപാടിയുടെ ബാനറിലെ ചിത്രവും മറ്റൊന്നായിരുന്നില്ല.

ഹിന്ദുക്കളുടെ വിശ്വാസത്തെ മര്‍ദ്ദിക്കുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യത്തോടെ പുറത്തിറക്കിയ പോസ്റ്ററിലും രാജേഷിന്‍റെ വ്യാജചിത്രം തന്നെയാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ,ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരെയെല്ലാം ടാഗ് ചെയ്തുകൊണ്ടാണ് തജീന്ദർപാൽ സിംഗ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം സ്റ്റിക്കറുകളും പോസ്റ്ററുകളും ഇതേ ചിത്രം ഉപയോഗിച്ച് സേവ് ശബരിമലയെന്ന പേരില്‍ ബിജെപി ഡല്‍ഹി ഘടകം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെ ബിജെപി നേതാക്കള്‍ പോലും ഏറ്റെടുക്കാത്ത ആ വ്യജ ചിത്രം എന്തിനാണ് ബിജെപി ഡല്‍ഹിയടക്കമുള്ള സ്ഥലങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന ചോദ്യം നിരവധിപേര്‍ ഉന്നയിച്ചിട്ടുണ്ട്. എന്തായാലും ചിത്രം പിന്‍വലിക്കുമോയെന്ന കാര്യത്തില്‍ ബിജെപി നിലപാട് അറിയിച്ചിട്ടില്ല.

error: Content is protected !!