ഡിവൈഎസ്പി ഹരികുമാറിനെതിരെ കൈക്കൂലി കേസില്‍ വകുപ്പ് തല നടപടി പൂഴ്തിവച്ചതായി ആരോപണം

കേരളാ പൊലീസില്‍ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടും ഒരു ശിക്ഷയും നേരിടേണ്ടി വന്നിട്ടില്ലാത്ത പൊലീസോഫീസറാണ് ഡിവൈഎസ്പി ഹരികുമാര്‍. സനൽ കുമാര്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്സ്പി ഹരികുമാറിന് എതിരെ കൊല്ലം ക്രൈംബ്രാഞ്ച് നല്കിയ റിപ്പോർട്ടും പൂഴ്തിവച്ചതായി ആരോപണം. കൈക്കൂലി നല്‍കാത്തതിന്‍റെ പേരില്‍ കൊല്ലം കടമ്പാട്ടുകോണം സ്വദേശിയായ യുവാവിനെ കള്ള കേസ്സില്‍ ജയലില്‍ അടച്ച സംഭവത്തെ കുറിച്ച് ക്രൈബ്രാഞ്ച് നല്കിയ റിപ്പോർട്ടിന്മേൽ ഹരികുമാറിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് ആക്ഷേപം.
2015 -ല്‍ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ കടമ്പാട്ടുകോണം സ്വദേശിയായ ആർ സുനിലിനെ അന്ന് കടക്കല്‍ സര്‍ക്കിള്‍ ഇൻസ്പെക്ടറായിരുന്ന ബി ഹരികുമാർ കസ്റ്റഡിയിലെടുത്തു. കേസ്സ് ഇല്ലാതാക്കാൻ സുനിലിനോട് ഹരികുമാർ കൈകൂലി ആവശ്യപ്പെട്ടു. കൈകൂലി നല്‍കാത്തതിന്‍റെ പേരില്‍ സുനിലിനെ ക്രൂരമായി മർദ്ദിച്ചുവെന്ന് കാണിച്ച് അന്നത്തെ ആഭ്യന്തര മന്ത്രിക്ക് സുനില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
കൊല്ലം ക്രൈബ്രാഞ്ച് ഡിവൈഎസ്സ്പി ആയിരുന്ന ജെ. കിഷോർ കുമാർ നടത്തിയ അന്വേഷണത്തില്‍ ഹരികുമാർ കുറ്റാക്കാരാനാണന്ന് കണ്ടെത്തി. ഹരികുമാറിന് എതിരെ വിജിലൻസ് അന്വേഷണം വേണമെന്നും വ്യാജകേസ്സ് ചമച്ചതിന്‍റെ പേരില്‍ വകുപ്പ് തല നടപടിയും റിപ്പോർട്ടില്‍ ശുപാർശ ചെയ്തിരുന്നു. എന്നാല്‍ റിപ്പോർട്ട് അഭ്യന്തര വകുപ്പിന് സമർപ്പിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും വകുപ്പ് തലത്തില്‍ ഒരു നടപടിയും ബി ഹരികുമാറിന് എതിരെ ഉണ്ടായില്ല.
പരാതിക്കാരനായ സുനിലിന്‍റെ ഭാര്യയുടെ കയ്യില്‍ നിന്നും സിദ്ദപ്പൻ എന്ന ഗുണ്ടയെ ഉപയോഗിച്ച് ഹരികുമാർ കൈകൂലി വാങ്ങിയെന്നും സുനില്‍ പറയുന്നു. വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് എന്ന് റിപ്പോർട്ടില്‍ പറയുന്നുണ്ട്. കേസ്സെടുത്ത എസ്ഐക്ക് എതിരെയും നടപടി ശുപാർശ ചെയ്യതിരുന്നു. ഹരികുമാർ ചാർജ് ചെയ്യത കേസില്‍ സുനിലിന് എതിരെയുള്ള കുറ്റപത്രം ഇതുവരെയായും കോടതിയില്‍ നല്കിയിട്ടില്ല.