ശിവദാസന്റെ മരണം ശബരിമലയിലെ സംഘർഷംമൂലമെന്ന ആരോപണം ഹൈക്കോടതി തള്ളി

പന്തളം സ്വദേശി ശിവദാസന്റെ മരണം ശബരിമലയിലുണ്ടായ സംഘർഷത്തെ തുടർന്നാണെന്ന ആരോപണം ഹൈക്കോടതി തള്ളി. സംഘർഷമുണ്ടായ ദിവസങ്ങളിലല്ല ശിവദാസൻ തീർഥാടനത്തിന് പുറപ്പെട്ടതെന്ന് പത്രവാർത്തകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിവദാസൻ മരിച്ചത് സംഘർഷമുണ്ടായ സ്ഥലത്തല്ലായെന്നും റോഡപകടംമൂലമാണ് മരണമെന്നും മാധ്യമവാർത്തകളിലുണ്ട്. സംഘർഷമുണ്ടാക്കാൻ തെറ്റായ വിവരങ്ങളുന്നയിച്ച് കോടതിയെ കരുവാക്കാൻ ശ്രമിക്കേണ്ടെന്നും കോടതി ഹർജിക്കാരനെ താക്കീതുചെയ്തു. പനമ്പിള്ളിനഗർ സ്വദേശി ജയകുമാറും മറ്റും സന്നിധാനത്ത് തീർഥാടകരെ അഞ്ച് മിനിറ്റിൽ കൂടുതൽ തങ്ങാൻ അനുവദിക്കില്ലെന്ന് പരാതിപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്.

തമിഴ്‌നാട്ടിൽനിന്ന‌് കാൽനടയായി എത്തുന്ന തീർഥാടകർ ഭക്ഷണം പാകംചെയ്ത് കഴിക്കുകയാണ് പതിവെന്നും ആന്ധ്രയിൽനിന്നും കർണാടകത്തിൽനിന്നുമുള്ള തീർഥാടകർക്ക് വിരിവയ്ക്കാൻ മറ്റ് സ്ഥലങ്ങൾ കണ്ടെത്തേണ്ടിവരുമെന്നും ഹർജിഭാഗം വാദിച്ചു. അഞ്ചുമിനിറ്റ് മാത്രമേ തീർഥാടകർക്ക് ദർശനം അനുവദിക്കൂവെന്ന വിവരം ഹർജിക്കാർക്ക് എവിടെനിന്നും ലഭിച്ചുവെന്ന് കോടതി ചോദിച്ചു. തീർഥാടകർക്ക് 24 മണിക്കൂർ തങ്ങാൻ അനുവദിക്കുമെന്നാണ് മനസ്സിലായിട്ടുള്ളതെന്നും കോടതി പറഞ്ഞു. തീർഥാടകന്റെ മരണവും മറ്റു വിഷയങ്ങളും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ബന്ധപ്പെട്ട ഹർജികളോടൊപ്പം ഈ ഹർജിയും തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ശബരിമലയിലെ ഒരുക്കങ്ങൾ സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തേണ്ടതുണ്ടെന്നും അത് തീർഥാടകരുടെ ആശങ്ക അകറ്റുമെന്നും കോടതി പറഞ്ഞു.

ശബരിമലയിൽ കഴിഞ്ഞ 17 മുതൽ 22 വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ പട്ടിക ഹാജരാക്കാൻ നിർദേശിക്കണമെന്ന ഇടക്കാല ആവശ്യം കോടതി തള്ളി. സുരക്ഷാകാര്യങ്ങളിൽ ഹർജിക്കാരന് ഇടപെടാൻ അവകാശമില്ലെന്ന് സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെ വി സോഹൻ ബോധിപ്പിച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

 

error: Content is protected !!