തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയില്‍

തൃപ്തി ദേശായിയെ മഹാരാഷ്ട്ര പൊലീസ് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ ഷിര്‍ദ്ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായാണ് നടപടി. ഷിര്‍ദ്ദി ക്ഷേത്രത്തിലേക്ക് തൃപ്തി ദേശായി ഇന്ന് യാത്ര നിശ്ചയിച്ചിരുന്നു. പുലർച്ചെ 4.30നാണ് മഹാരാഷ്ട്ര-പൂനെ പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. നിലവിൽ പൂനെ പോലീസിന്‍റെ കസ്റ്റഡിയിലാണ് തൃപ്തി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നൽകാനായി തൃപ്തി ഇന്ന് ഷിർദി ക്ഷേത്രത്തിൽ പോകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തൃപ്തി ദേശായി രംഗത്തെത്തിയിരുന്നു. മുത്തലാഖ് വിഷയത്തില്‍ സ്ത്രീപക്ഷമാകുന്ന മോദിസര്‍ക്കാര്‍, സുപ്രീംകോടതി വിധിയുണ്ടായിട്ടും ശബരിമല വിഷയത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് തൃപ്തിദേശായി ചോദിച്ചിരുന്നു. അയ്യപ്പ ഭക്തരായ സ്ത്രീകളെ ബി.ജെ.പി സര്‍ക്കാര്‍ എന്തുകൊണ്ടാണ് തടയുന്നത് വ്യക്തമല്ലെന്നും ഇന്ന് മഹാരാഷ്ട്ര ഷിര്‍ദി ക്ഷേത്രം സന്ദര്‍ശിക്കുന്ന മോദിക്ക് മുന്നില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നുമായിരുന്നു തൃപ്തി ദേശായി പറഞ്ഞത്.