ശബരിമലയിലേക്ക് പോകാനെത്തിയ യുവതിയെ തടഞ്ഞു

ശബരിമലയിലേക്ക് പോകാനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് തടഞ്ഞത്. വ്രതമെടുത്ത് ശബരിമല ദര്‍ശനത്തിയതാണ് ലിബി. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ തിരിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് വലയത്തില്‍ ഇവരെ അവിടെ നിന്നും മാറ്റി. കോടതി വിധിയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചുമാണ് ശബരിമലയ്ക്ക് പോകുന്നതെന്ന് നേരത്തെ ലിബി പറഞ്ഞിരുന്നു.  അതേസമയം ആരുടെയും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കില്ലെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ഐ.ജി മനോജ് എബ്രഹാമും പറഞ്ഞു.

ചേര്‍ത്തലയില്‍ നിന്ന് ഇന്ന് രാവിലെയാണ് ലിബി സിഎസും സംഘവും ശബരിമലയിലേക്ക് തിരിച്ചത്. യാത്രമധ്യേ ചിലര്‍ ഇവരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചങ്ങാനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തിയ ലിബിയെ അവിടെ വച്ച് യാത്രക്കാരും നാട്ടുകാരും തടയുകയായിരുന്നു. ലിബിയെ കടന്നു പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ജനക്കൂട്ടം അവര്‍ക്ക് നേരെ തിരിഞ്ഞതോടെ പൊലീസ് ഇവരെ അവിടെ നിന്നും മാറ്റി. പ്രകോപിതരായ നാട്ടുകാരുടെ ഇടയില്‍ നിന്നും വളരെ പണിപ്പെട്ടാണ് പൊലീസ് സംഘം ലിബിയെ പുറത്ത് എത്തിച്ചത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നാണ് വിവരം.

ചേർത്തല  മുലച്ചിപ്പറമ്പിൽ നിന്ന് കെട്ടുനിറക്കാനായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷാഭീഷണി ഉണ്ടായിരുന്നതിനാൽ എല്ലാവരും അവരവരുടെ വീടുകളിൽനിന്നും കേട്ടുനിറച്ച് ചീരപ്പൻ ചിറവഴി പമ്പയ്ക്ക് പുറപ്പെടുകയായിരുന്നു. ഞങ്ങൾ പുറപ്പെടുന്ന വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അവർ ഞങ്ങളെ ശബരിമലക്ക് എത്തിക്കാമെന്ന്  വാക്ക് തന്നിട്ടുണ്ടെന്നുമായിരുന്നു നേരത്തെ ലിബി അറിയിച്ചത്.

ബസ് യാത്രക്കിടെ  ശബരിമലക്കാണോ തങ്ങളുടെ ബാഗ് പരിശേധിക്കണമെന്നും  ആവശ്യപ്പെട്ടു കൊണ്ട്  ഒരു സംഘം ആളുകൾ ലിബിയെയും കൂട്ടരെയും തടഞ്ഞിരുന്നു. യാത്ര തടസ്സപ്പെടുമെന്ന് കരുതി  അവർ ചങ്ങനാശ്ശേരി  പൊലീസ് സ്റ്റേഷനിൽ‌ പരാതി നൽകുകയായും വീണ്ടും യാത്ര തുടരുകയും ചെയ്തു.. എന്നാൽ ഒരു കാരണവശാലും ലിബിയെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. കനത്ത സുരക്ഷാ വലയം തന്നെ അവർക്ക് പൊലീസുകാർ  ഏർപ്പെടുത്തിട്ടുണ്ട്. ലിബിക്കൊപ്പം അഭിഭാഷക ദമ്പതികളും ഒരു അദ്ധ്യാപികയും ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ പിന്നീട് യാത്രയില്‍ നിന്നും പിന്മാറി.

error: Content is protected !!