ശബരിമല സംഘര്‍ഷം: 350 പേര്‍ ഒളിവില്‍

ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇനി അറസ്റ്റിലാവാനുള്ളവര്‍ ഒളിവിലെന്ന് പൊലീസ്. 350 പേരാണ് ഒളിവിലുണ്ട്. ശബരിമല സംഘര്‍ഷത്തില്‍ പ്രധാന പ്രതികളെന്നു സംശയിക്കുന്നവരാണിവര്‍. ഇവരുടെ പേരുവിവരങ്ങളും വിലാസവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ വീടുകളില്‍ അന്വേഷിച്ചപ്പോള്‍ ഇവര്‍ അവിടെയുണ്ടായിരുന്നില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ഓരോ ജില്ലയിലും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റേഞ്ച് ഐജിമാര്‍ സംഘത്തിന് ആവശ്യമായ നിര്‍ദേശം നല്‍കും. ഒരുമാസത്തിനകം ഇവരെ പിടികൂടാനായില്ലെങ്കില്‍ ഇവരുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനം.

ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നവരാണ് ഒളിവില്‍ കഴിയുന്നത്. 3557 പേരാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതുവരെ അറസ്റ്റിലായത്. 531 കേസുകളിലായാണ് ഇവരെ അറസ്റ്റു ചെയ്തത്. അറസ്റ്റ് അന്തിമ ഘട്ടത്തിലേക്കെത്തിയെന്നാണ് പൊലീസ് പറയുന്നത്.

error: Content is protected !!