ശബരിമല: എല്ലാ ദിവസവും ക്ഷേത്ര ദര്‍ശനം അനുവദിക്കാനുള്ള സാധ്യതകള്‍ തേടി സര്‍ക്കാര്‍

സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തില്‍ ശബരിമലയില്‍ തിരക്കു കൂടൂന്നത് നിയന്ത്രിക്കാനും സുരക്ഷയ്ക്കും എല്ലാ ദിവസവും ക്ഷേത്ര ദര്‍ശനം അനുവദിക്കാനുള്ള സാധ്യതകള്‍ തേടി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ പുതിയ സാധ്യത ഉന്നയിച്ചത്. ഇതുസംബന്ധിച്ച് ശബരിമല തന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും. നിത്യദര്‍ശനം പ്രായോഗികമല്ലെങ്കില്‍ എല്ലാ മലയാള മാസവും ആദ്യ അഞ്ചു ദിവസമുള്ള നടതുറക്കല്‍ ഏതാനും ദിവസത്തേക്കു കൂടി നീട്ടാനുള്ള സാധ്യതയും പരിശോധിക്കും.

എന്നാല്‍, ശബരിമലയില്‍ ശ്രീ അയ്യപ്പന്‍ യോഗതപസ്സിലാണുള്ളതെന്ന് പ്രയാര്‍ പറഞ്ഞു. മണ്ഡല, മകരവിളക്ക് കാലത്തും മാസപൂജാസമയത്തും മാത്രമേ നട തുറക്കാന്‍ കഴിയൂ. ദേവപ്രശ്നത്തിലും ഇതാണു കണ്ടത്. ഇതു മാറ്റാന്‍ കഴിയില്ലെന്നും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഈ മണ്ഡലകാലത്തു തന്നെ സ്ത്രീകളുടെ വന്‍തിരക്ക് ശബരിമലയിലുണ്ടാകുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ കരുതുന്നില്ല. എന്നാല്‍, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിനു സ്ത്രീകള്‍ എത്താന്‍ സാധ്യതയുണ്ട്. ഇപ്പോഴത്തെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇവര്‍ക്കു പൂര്‍ണസുരക്ഷയൊരുക്കുക വലിയ വെല്ലുവിളിയാണെന്നു ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ശബരിമലയിലും പരിസരത്തും ക്യാമറ സ്ഥാപിച്ച് തീര്‍ഥാടകരുടെ എണ്ണമെടുക്കാനുള്ള പോലീസിന്റെ തീരുമാനത്തെ കടുത്തഭാഷയില്‍ പ്രസിഡന്റ് വിമര്‍ശിച്ചപ്പോള്‍, ഇതു നടപ്പാക്കുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. ഒരു പോലീസുദ്യോഗസ്ഥന്റെ നിര്‍ദേശത്തില്‍ ശബരിമലയില്‍ ക്യാമറകള്‍ വെച്ച് തീര്‍ഥാടകരുടെ എണ്ണമെടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രയാര്‍ വാദിച്ചു. ആര്‍ക്കെങ്കിലും കയറി ശബരിമലയെ ഭരിക്കാം എന്നു വിചാരിച്ചാല്‍ സമ്മതിക്കില്ല. പ്രയാറിന്റെ രാഷ്ട്രീയമാണ് വാക്കുകളില്‍ നിറയുന്നതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

error: Content is protected !!