രാഹുല്‍ ഈശ്വറിന്‍റെ ജാമ്യാപേക്ഷ തള്ളി

ശബരിമല തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കൊട്ടാരക്കര സബ് ജയിലിലാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോഴുള്ളത്. 14ദിവസത്തേക്കായിരുന്നു അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്.

നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരെ കേസെടുത്തത്. ബുധനാഴ്ചയാണ് സന്നിധാനത്തുനിന്നും രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്തത്. രാഹുല്‍ ഈശ്വറിനു പുറമേ അക്രമത്തില്‍ പങ്കാളിയായ 38 പേരെക്കൂടി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ പരസ്യമായി അക്രമത്തിന് ആഹ്വാനം നല്‍കുന്ന തരത്തില്‍ രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നിരുന്നു. ഫേസ്ബുക്കിലൂടെയും മറ്റും ഇതിനെതിരെ പ്രക്ഷോഭം അഴിച്ചുവിടാന്‍ രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്തിരുന്നു.

തുലാമാസപൂജയുടെ ഭാഗമായി ശബരിമലയില്‍ നട തുറന്നതിനു പിന്നാലെ ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാനെന്ന പേരില്‍ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ച് എത്തുകയായിരുന്നു. പമ്പയിലും പരിസരത്തും വാഹനങ്ങള്‍ തടഞ്ഞ് മാധ്യമപ്രവര്‍ത്തകരടക്കമുള്ള സ്ത്രീകള്‍ക്കെതിരെ അക്രമമഴിച്ചുവിട്ട സംഭവങ്ങളുമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഈശ്വറുള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തത്.

error: Content is protected !!