പിഎഫ് പെന്‍ഷന്‍: കൂടിയ വിഹിതം നല്‍കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി

യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ ലഭിക്കാന്‍ കൂടിയ വിഹിതം നല്‍കാന്‍ പദ്ധതി അംഗങ്ങളായ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി. താല്‍പര്യമുള്ളവര്‍ക്ക് അതിനായി ഓപ്ഷന്‍ നല്‍കാം. ഓപ്ഷന്‍ കാലാവധി നിശ്ചയിച്ച വ്യവസ്ഥ ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.

എല്ലാ തൊഴിലാളികൾക്കും ഒരേപോലെ ആനുകൂല്യങ്ങൾ ഉറപ്പാക്കേണ്ട പിഎഫ് പെന്‍ഷന്‍ പദ്ധതി വിവേചനപൂർവം നടപ്പാക്കുന്നത് നിയമവിരുദ്ധവും ഇ.പി.എഫ് നിയമങ്ങൾക്ക് എതിരെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2014 ല്‍ കൊണ്ടുവന്ന ഭേദഗതി വി‍ജ്ഞാപനവും അതിന്‍റെ അടിസ്ഥാനത്തില്‍ പിഎഫ് അധികൃതര്‍ പുറപ്പെടുവിച്ച തുടര്‍ ഉത്തരവുകളുമാണ് റദ്ദാക്കിയത്. വിജ്ഞാപനം തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി 507 ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.

വി‍ജ്ഞാപനത്തില്‍ പരമാവധി ശമ്പളം നിജപ്പെടുത്തിയിരുന്നു. ഒപ്പം പെന്‍ഷന്‍ കണക്കാക്കാന്‍ അവസാന 12 മാസത്തെ ശമ്പളത്തിന് പകരം 60 മാസത്തെ ശരാശരി കണക്കാക്കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി. പെൻഷന് അർഹതയുള്ള പരമാവധി ശമ്പളം മാസം 6500 ആയിരുന്നത് 15000 ത്തിലേക്ക് ഉയർത്തുകയും ശമ്പളത്തിന് ആനുപാതികമായ വിഹിതം അടക്കുന്നതിന് പരിധി വെക്കുകയും ചെയ്തിരുന്നു. ഈ വ്യവസ്ഥകളും ഹര്‍ജിക്കാർ കോടതിയില്‍ ചോദ്യം ചെയ്തു. ഭേദഗതിക്ക് മുമ്പ് 6500 രൂപ ശന്പള പരിധിയായി നിശ്ചയിച്ചിരുന്നെങ്കിലും യഥാർഥ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഫണ്ടിലേക്ക് ഉയർന്ന തുകയടക്കാൻ അംഗമായ തൊഴിലാളിക്ക് കഴിയുമായിരുന്നു. ഭേദഗതിയോടെ ഇത് ഇല്ലാതായി.

പിഎഫ് ഫണ്ട് ചുരുങ്ങുമെന്ന ആശങ്കയുടേയും മറ്റും അടിസ്ഥാനത്തിലുള്ള ഭേദഗതിക്ക് നിയമത്തിന്‍റെ പിൻബലമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു കാരണം ചൂണ്ടിക്കാട്ടി അർഹതപ്പെട്ട ആനുകൂല്യം തടയാനാവില്ല. വിരമിച്ച ശേഷം തൊഴിലാളികൾക്ക് മാന്യമായ ജീവിതം നയിക്കുന്നതിന് ഉപകാരപ്പെടാനാണ് പെൻഷൻ ഫണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ആ ലക്ഷ്യത്തെ തകിടം മറിക്കുന്നതും തൊഴിലാളികളെ പല തട്ടിലാക്കുന്നതുമാണ് ഇത്തരം നടപടികൾ. ഈ വ്യവസ്ഥകൾ നിലനിൽക്കാത്തതാണെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് വിജ്ഞാപനം റദ്ദാക്കുകയായിരുന്നു.

error: Content is protected !!